എല്ലാ കായിക മേളയ്ക്കുമെത്തുന്ന ഒരു താരമുണ്ട്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ആർക്കു വേണ്ടിയും ഗ്രൗണ്ടിലിറങ്ങുന്ന കക്ഷി ആരെന്ന് പരിചയപ്പെടാം.ഇൻട്രോ അൽപം മാസാണ്. എന്നെ മനസിലായില്ലെങ്കിൽ എല്ലാവരുടെയും തലയ്ക്കു മുകളിൽ നോക്കിയാൽ മതിയെന്ന് ഈ താരം പറയും. തൊപ്പി എന്ന പേരിൽ നീളത്തിലും വട്ടത്തിലുമാണ് രൂപം. എന്തും ഇദ്ദേഹത്തിന്റെ മേൽ എഴുതാം. നിറം ഏതു വേണമെന്ന് പറഞ്ഞാൽ മതി. വെയിൽ കനത്താൽ പിന്നെ ഗ്രൗണ്ടിൽ ഇദ്ദേഹം മിന്നും താരമാണ്. ചിലർക്ക് അധികാരവും മറ്റു ചിലർക്ക് അലങ്കാരവും.
ക്യാമറ ഉള്ളവരും ഇല്ലാത്തവരുമൊക്കെ കക്ഷിയെ തലയിൽ വച്ചാണ് നടക്കുന്നത്. ചിലരാകട്ടെ കക്ഷിയെ തലയിൽ വച്ച് അതുക്കും മേലെ തണൽ വിരിച്ച് വെളുക്കെ ചിരിച്ച് വെയിലത്തു കൂടിയാണ് നടത്തം. പൊള്ളുന്നത് പുളളിയാണല്ലോ. അപ്പോ എന്തും ആകാല്ലോ. പക്ഷ തലയിൽ തൊപ്പിയുണ്ടെങ്കിലും ചിലർക്ക് ആകെ പ്രയാസമാണ് ഇങ്ങനെ പരോപകാരിയായി നടക്കുമ്പോഴും ആര് തോറ്റാലും കക്ഷിയെ അതിലേയ്ക്ക് വലിച്ചിഴയ്ക്കും. കേട്ടിട്ടില്ലെ തോറ്റു തൊപ്പിയിട്ടു. ഏതായാലും അതൊരു പരാതിയാക്കാൻ ഉദ്ദേശിക്കുന്നില്ല.