അണ്ടർ 17 ലോകകപ്പ് എത്തുന്നതിന്റെ ആവേശത്തിലാണ് ഫോർട്ട് കൊച്ചി. പെനൽട്ടി ഷൂട്ടൗട്ട് മൽസരം നടത്തിയും ലോകകപ്പ് ട്രോഫിയുടെ മാതൃകയുമായി റാലി സംഘടിപ്പിച്ചും ഫോർട്ട് കൊച്ചി സ്റ്റൈലിൽ തന്നെ ലോകകപ്പിനെ വരവേൽക്കുകയാണ് ഇവിടുത്തെ ഫുട്ബോൾ ആരാധകർ.
ഫുട്ബോൾ മലയാളിക്ക് വെറും കളിയല്ല, അത് നമ്മുടെ ചോരയിൽ അലിഞ്ഞു ചേർന്ന ലഹരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഫോർട്ട് കൊച്ചിയിലെ കാഴ്ചകൾ. ആൺപെൺ ഭേദമന്യെ നൂറിലേറെ കുട്ടികളാണ് ഷൂട്ടൗട്ട് മൽസരത്തിൽ പങ്കെടുത്തത്.
കുട്ടികളുടെ റാലി ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയില്‍ പന്തുതട്ടി ആവേശത്തിൽ പങ്കുചേർന്നു. വെളി ലയൺസ് സ്പോർട്സ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്.
നീല ജേഴ്സിയണിഞ്ഞ് മഴയത്ത് സൈക്കിൾ ചവിട്ടുമ്പോൾ ഒരു പരിഭവം മാത്രമെ ഈ കുരുന്നുകള്ക്കുള്ളു. പരിശീലന മൈതാനങ്ങൾ ഉയരത്തിൽ വേലികെട്ടി മറച്ചിരിക്കുന്നതിനാൽ പ്രിയ ടീമുകളുടെ പരിശീലനം കാണാന്‍ പറ്റില്ല.