തുടര്‍ച്ചയായ പത്ത് ജയങ്ങളെന്ന ഇന്ത്യന്‍ സ്വപ്നം വിഫലമായി. ബെംഗളൂരു ഏകദിനത്തില്‍ ഓസ്ട്രേലിയ ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ചു. 335 റണ്‍സ് വിജയലക്ഷ്യം പടുത്തുയര്‍ത്തിയ ഓസീസ് ഇന്ത്യയെ 313 റണ്‍സെടുക്കാനെ അനുവദിച്ചുള്ളൂ. 124 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് കളിയിലെ താരം.
ഇന്ത്യന്‍ ജൈത്രയാത്ര ഒരിക്കല്‍ കൂടി ഒന്‍പതില്‍ തട്ടി നിന്നു. വിദേശത്തെ തുടര്‍ച്ചയായ പത്ത് തോല്‍വികള്‍ക്കൊടുവില്‍ ഓസീസും വിജയതീരമണഞ്ഞു. രോഹിത് ശര്‍മയും അജിങ്ക്യയും 106 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ വിജയം സ്വപ്നം കണ്ടു. രഹാനെ പോയപ്പോഴും രോഹിതിന്റെ മിന്നുംഫോമില്‍ പ്രതീക്ഷവച്ചു. എന്നാല്‍ ക്യാപ്റ്റന്‍ തന്നെ രോഹിതിന്റെ വഴിമുടക്കി. അത് കളിയിലെ വഴിത്തിരിവുമായി.
കേദാറിന്റെ 67ഉം ഹാര്‍ദിക്കിന്റെ 41ഉം മനം നിറച്ചെങ്കിലും ബെംഗളൂരുവില്‍ വിജയം നേടാനുറച്ചായിരുന്നു ഓസീസ്. മൂന്ന് വിക്കറ്റുമായി റിച്ചാര്ഡ്സന് ബോളര്‍മാരില്‍ കേമനായി. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും പെയ്യിച്ച റണ്‍മഴയില്‍ വിറങ്ങലിച്ചു നിന്നു ബെംഗളൂരു. നൂറാം ഏകദിനത്തില്‍ സെഞ്ചുറിയോടെ വാര്‍ണര്‍ ഇടിമുഴക്കമായി.
ആറ് റണ്‍സകലെ ഫിഞ്ചിന് സെഞ്ചുറി നഷ്ടമായി. നാലു വിക്കറ്റുകള്‍ പിഴുത ഉമേഷാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ മികവു കാട്ടിയത്.