അണ്ടര്‍17 ലോകകപ്പിലെ ബ്രസീലിന്റെ മല്‍സരങ്ങള്‍ക്ക് ആതിഥ്യമരുളാന്‍ കൊച്ചി തയാറെടുക്കുമ്പോള്‍ വിനീഷ്യസ് ജൂനിയറെന്ന പ്രതിഭാശാലിയാകും ഏറ്റവുമധികം ശ്രദ്ധ നേടുക. അദ്ഭുത ബാലനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിനീഷ്യസായിരിക്കും ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ താരവും.
പതിനേഴുകാരനാണ്. കാല്‍പ്പന്തിലെ പതിനെട്ടടവും വശമാണ്. ചാട്ടുളി പോലെ തുളച്ച്കയറാന്‍ മാത്രമല്ല, വെട്ടിയൊഴിഞ്ഞ് കബളിപ്പിക്കാനും ഉന്നം തെറ്റാതെ ഗോള്‍ തൊടുക്കാനും വിരുതന്‍. ഈ മികവു തന്നെ വിനീഷ്യസിനെ ഇത്ര ചെറുപ്പത്തിലെ ക്ലബ് മാനേജ്മെന്റുകളുടെ നോട്ടപ്പുള്ളിയാക്കിയത്. ബാര്‍സിലോന വിനീഷ്യസിനെ താവളത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും റയല്‍ മഡ്രിഡിനാണ് യുവ സൂപ്പര്‍ കാനറി കൈകൊടുത്തത്. ഇപ്പോള്‍ ഫ്ലെമങ്കോയിലുള്ള വിനീഷ്യസ് അടുത്തകൊല്ലം ജൂലൈ മുതല്‍ റയല്‍ ക്യാംപിലെത്തും.
ഈ പ്രായത്തില്‍ പോക്കറ്റിലായത് 45 ദശലക്ഷം യൂറോയും. ഒക്ടോബര്‍ 7ന് സ്‌പെയിനിനെതിരെയാണ് ലോകകപ്പിലെ ബ്രസീലിന്റെ ആദ്യ മത്സരം. അതായത് കൊച്ചിയുടെ കളിത്തട്ടില്‍ ആദ്യദിനം വിനീഷ്യസ് മാജിക് കാണാം. സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ ചാംപ്യന്‍മാരാക്കിയത് ടൂര്‍ണമെന്റില്‍ 7 ഗോളടിച്ച വീനിഷ്യസിന്റെ മികവാണ്. അതേ മികവ് വിനീഷ്യസ് തുടര്‍ന്നാല്‍ ഇന്ത്യയിലും കാനറികള്‍ ഉയര്‍ന്നു പറക്കും.