അണ്ടര്‍-17 ലോകകപ്പ് ഫുട്ബോളിന്റെ കിരീട പ്രദര്‍ശനത്തിന് സൂപ്പര്‍ താരങ്ങളും. കൊളംബിയയുടെ മുന്‍ ഇതിഹാസം കാര്‍ലോസ് വെല്ഡറാമ അടങ്ങുന്ന അഞ്ചംഗ സംഘമാണ് ഇന്ത്യയിലെത്തുന്നത്. സെപ്റ്റംബര്‍ ആറിന് മുംബൈയിലാണ് കിരീട പ്രദര്‍ശനം.
പുല്‍മൈതാനങ്ങളെ ത്രസിപ്പിച്ച കൊളംബിയയുടെ സ്വര്ണമുടിക്കാരന് കാര്‍ലോസ് വെല്ഡെറാമ റയലിന്റെ പഴയ പടകുതിര ഫെര്ണാന്റൊ മോറിയന്റസ് ഫ്രാന്‍സിന്റെ മാര്‍സെല്‍ ഡെസാല്ലി, മെക്സിക്കന്‍ ഇതിഹാസം ജോര്‍ജ് കാംപസ് നൈജീരീയയുടെ ഇമ്മാനുവല്‍ അമുനെക്ക് എന്നിവരാണ് ലോകകപ്പ് പ്രദര്‍ശനത്തിനെത്തുന്നത്. കൗമാര മാമാങ്കത്തിന്റെ വിളംബരത്തിന് ഡി.വൈ പാട്ടില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന മല്‍സരത്തില്‍ ഇവര്‍ ബുട്ട്കെട്ടും.
മുന്‍നിര ടൂര്‍ണമെന്റിനു ഇന്ത്യ വേദിയാകുമ്പോള്‍, മുന്നോടിയായി ലോകമാദരിക്കുന്ന മുന്‍നിര താരങ്ങള്‍ നമ്മുടെ മൈതാനത്ത് പന്തുതട്ടുമ്പോള്‍ അത് ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ ഉണര്‍വാകും. ലോക ഫുട്ബോള്‍ ഭൂപടത്തില്‍ തങ്ങളുടേതായ ഇടം അടയാളപ്പെടുത്താനും ഇത് വഴിയൊരുക്കും.