കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ പോര്‍ച്ചുഗലും മെക്സിക്കോയും സെമിഫൈനലില്‍. ഗ്രൂപ്പ് എയിലെ അവസാന മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെ നാലു ഗോളിന് തകര്‍ത്താണ് ഗ്രൂപ്പ് ചാംപ്യന്മാരായി പോര്‍ച്ചുഗലിന്റെ സെമിപ്രവേശം. മെക്സിക്കോ ആതിഥേയരായ റഷ്യയെ തോല്‍പ്പിച്ചു.
ദുര്‍ബലരായ ന്യൂസീലന്‍ഡിനെ ഗോള്‍മഴയില്‍ മുക്കാന്‍ തുടക്കമിട്ടത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ. 33ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ പെനല്‍റ്റിയിലൂടെ ലീഡ് നേടിയ പോര്‍ച്ചുഗലിന് 37ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെ രണ്ടാം ഗോളെത്തി. രണ്ടാം പകുതിയുടെ അവസാന പത്ത് മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ രണ്ടുഗോള്‍ കൂടി. 80ാം മിനിറ്റില്‍ ആന്ദ്രേ സില്‍വയും ഇന്‍ജുറി ടൈമില്‍ നാനിയും പോര്‍ച്ചുഗലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.
ആതിഥേയരായ റഷ്യയുടെ സെമിമോഹങ്ങള്‍ തകര്‍ത്താണ് കോണ്‍കകാഫ് ചാംപ്യന്മാരായ മെക്സിക്കോയുടെ സെമിപ്രവേശം. റഷ്യയ്ക്കായി അലക്സാണ്ടര്‍ സെയിംദോവും മെക്സിക്കോയ്ക്കായി നെസ്റ്റര്‍ റാസോയും ഗോള്‍ നേടിയ ഗോളുകളില്‍ ആദ്യ പകുതി സമനിലപാലിച്ചു
രണ്ടാംപകുതി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ മെക്സിക്കോ ലീഡ് നേടി. ലൊസാനയുടെ ഗോള്‍ വിജയഗോളായി. തിരിച്ചടിക്കാനുള്ള റഷ്യന്‍ ശ്രമങ്ങളും ലീഡ് ഉയര്‍ത്താനുള്ള മെക്സിക്കന്‍ ശ്രമങ്ങളും ആവേശമുയര്‍ത്തിയെങ്കിലും കൂടുതല്‍ ഗോള്‍വീഴാതെ ഫൈനല്‍ വിസില്‍ മുഴങ്ങി. രണ്ടു ജയവും ഒരു സമനിലയുമടക്കം പോര്‍ച്ചുഗലും മെക്സിക്കോയും ഏഴു പോയിന്റ് വീതമാണ് നേടിയതെങ്കിലും ഗോള്‍ശരാശരിയുടെ മികവില്‍ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ചാംപ്യന്മാരായി.