ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ഫുട്സാൽ ഗ്രൗണ്ട് ഇനി ബംഗളുരുവിൽ. ഐ. ടി പാർക്കിലെ എട്ടുനില കെട്ടിടത്തിന് മുകളിലാണ് ഫുട്ബോളിന്റെ ചെറുരൂപമായ ഫുട്സാലിനായി കോർട്ട് ഒരുക്കിയിരിക്കുന്നത്.
ഉയരം കൂടുംതോറും ടെക്കികളുടെ കാൽപന്തു കളിക്ക് ആവേശവും കൂടും. ഐ ടി പാർക്കിൽ കെട്ടിടങ്ങൾ നിരന്ന് കളിക്കാൻ ഇടമില്ലാതായപ്പോഴാണ് കളിസ്ഥലം മാനത്തേക്ക് ഉയർന്നത്. 110 എക്കറുള്ള മാന്യത പാർക്കിൽ എട്ടുനില കെട്ടിടത്തിന് മുകളിൽ രണ്ടു ഫുട്സാൽ കോർട്ട് ഒരുങ്ങി.
13, 000സ്ക്വായർ ഫീറ്റാണ് കോർട്ടിന്റെ വിസ്തീർണം. കംപ്യൂട്ടറിനു മുന്നിലിരുന്നു മടുക്കുമ്പോൾ ടെക്കികൾ പന്ത് തട്ടാൻ പടികയറുന്നു.
നെറ്റ് കൊണ്ട് മറച്ചിരിക്കുന്ന കോർട്ടിൽ ആർട്ടിഫിഷ്യൽ ടർഫ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ ജീവനക്കാരുടെ ടീമുകൾക്ക് മാത്രമാണ് കളിക്കാൻ അവസരം. അധികം വൈകാതെ പുറത്തുനിന്നുള്ള ടീമുകളെയും ഉൾപ്പെടുത്തി ഫുട്സാൽ ടൂർണമെന്റും നടത്തും.