നിര്‍ണായകമായ എല്‍ ക്ലാസിക്കോയില്‍ റയലിനെ തോല്‍പ്പിച്ച് ബാര്‍സലോണ ലാ ലി ഗ കീരീട പ്രതീക്ഷകള്‍ നിലനിര്‍ത്തി. ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളിലാണ് റയലിനെ 3-2 ന് ബാര്‍സ കീഴടക്കിയത്. കളി തീരാന്‍ സെക്കന്റുകള്‍ ബാക്കിയിരിക്കേയായിരുന്നു വിജയ ഗോള്‍. അഞ്ഞൂറ് ക്ലബ്ബ് ഗോളെന്ന നാഴികക്കല്ലും ഇതോടെ മെസ്സി സ്വന്തമാക്കി. ലയണല്‍ മെസ്സി എങ്ങനെ കാല്പന്തുകളിയിലെ ഇതിഹാസമാകുന്നു എന്ന ചോദ്യത്തിന് ഇതിലും മികച്ചൊരു ഉത്തരമില്ല.
സെര്‍ജി റോബര്‍ട്ടോയുടെ അധ്വാനവും ഭാവനയുമാണ് ആ സ്വപ്നഗോളിന് വഴിമരുന്നിട്ടത്. ഇരുപതാം മിനുട്ടില്‍ ഫുട്ബോളിന്റെ മിശാഹായുടെ ചോരത്തുള്ളി സാന്തിയാഗോ ബെര്‍ണാബ്യൂവിന്റെ പുല്നാമ്പുകളില് വീണു. കാസിമറോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്.
ആദ്യ പകുതിയില്‍ പലവട്ടം മെസ്സി വീഴ്ത്തപ്പെട്ടു. കായികമായ പ്രകോപനങ്ങള്‍ക്ക് മാന്ത്രികച്ചുവടുകളോടെ മെസ്സിയുടെ പ്രതിരോധങ്ങള്‍. മുപ്പത്തി മൂന്നാം മിനുട്ടില്‍ ക്ലാസിക് രാവിലെ ഏറ്റവും മികച്ച ഗോള്‍ പിറന്നു. ബാര്‍സ ഒപ്പം
രണ്ടാം പകുതിയില്‍ ഗോളി കൈലാര്‍ നവാസിന്റെ എണ്ണം പറഞ്ഞ സേവുകള്‍ റയലിനെ കോട്ട കെട്ടി കാത്തു. ഇവാന് റാകിടിച്ചിലൂടെ ബാര്‍സ മുന്നില്‍. പക്ഷെ പകരക്കാരനായിരങ്ങിയ ഹാമിഷ് റോഗ്രിഗസ് സിദാന്റെ വിശ്വാസം കാത്തു.
കളി തീരാന്‍ പതിമൂന്ന് സെക്കന്റ് ബാക്കി നില്‍ക്കേ ഒരിക്കല്‍ക്കൂടി മെസ്സി രക്ഷകനായി. ലാ ലിഗ പ്രയാണത്തില്‍ ബാര്‍സയ്ക്ക് വീണ്ടും ജീവന് നല്കുന്ന ഗോള്‍.