യുവതലമുറയ്ക്ക് നേട്ടങ്ങളിലേക്ക് നീന്തിക്കയറാന്‍ സ്വിമ്മിങ് അക്കാദമിയുമായി മുന്‍ രാജ്യാന്തരതാരം സുമി സിറിയക്. കോട്ടയം ചങ്ങനാശേരിയിലാണ് പുതിയ അക്കാദമി പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
ഇസ അക്കാദമി തയാറായിക്കഴിഞ്ഞു. ചങ്ങനാശേരി എസ്.ബി. ഹൈസ്കൂളിന് പിന്നില്‍ വീട് വയ്ക്കാനായി വാങ്ങിയ സ്ഥലത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ സുമി ഈ അക്കാദമി പടുത്തുയര്‍ത്തിയത് ഏറെ പ്രതീക്ഷകളോടെയാണ്. മീനച്ചിലാറ്റില്‍ നീന്തി പഠിച്ചെങ്കിലും, സാഫ് ഗെയിംസിലെ സുവര്ണനേട്ടമടക്കം സുമിക്ക് സാധിച്ചത് പിന്നീട് ലഭിച്ച മികച്ച പരിശീലന സൗകര്യങ്ങളുടെ പിന്‍ബലത്തിലായിരുന്നു.
25 മീറ്റര്‍ ദൈര്‍ഘ്യമുള്ള നാല് ട്രാക്കോടുകൂടിയ കുളമാണ് അക്കാദമിയില്‍ തയാറാക്കിയിരിക്കുന്നത്. നീന്തല്‍ പഠിപ്പിക്കുക, മികച്ച പരിശീലന സൗകര്യങ്ങള്‍ നല്‍കുക, സംസ്ഥാനതലംമുതലുള്ള കായികതാരങ്ങള്‍ക്ക് സൗജന്യ പരിശീലന സൗകര്യം എന്നിവയാണ് അക്കാദമി ലക്ഷ്യമിടുന്നത്. ചങ്ങനാശേരിയിലെ കോളജുകളുമായി സഹകരിച്ച് നീന്തല്‍ ടീമുകളെ തയാറാക്കാനുള്ള പദ്ധതിയും അവസാനഘട്ടത്തിലാണ്.