പലിശ മുടങ്ങിയാൽ വീട്ടിൽ കയറി ഭീഷണി; കോടികളുടെ ഇടപാട്: ഒടുവിൽ അറസ്റ്റ്

operationkubera
SHARE

തൊടുപുഴയില്‍ വട്ടിപ്പലിശക്ക് പണം കൊടുത്ത് തിരിച്ചടവ് മുടങ്ങുമ്പോൾ ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നയാൾ പൊലീസ് പിടിയിൽ . മുതലക്കോടം സ്വദേശി കൊച്ചുപറമ്പിൽ ജോസഫ് അഗസ്റ്റിനാണ് പിടിയിലായത് . ഓപ്പറേഷൻ കുബേരയുടെ ഭാഗമായി വീട്ടിൽ നടത്തിയ റെയ്ഡിൽ കോടികളുടെ ഇടപാടുകൾ നടത്തിയ രേഖകൾ പിടിച്ചെടുത്തു.

30 ശതമാനത്തോളം പലിശ ഈടാക്കിയാണ് ജോസഫ് അഗസ്റ്റിൻ ഇടപാടുകാർക്ക് പണം നൽകിയിരുന്നത്. പലിശ മുടങ്ങിയാൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തും. ഇടപാടുകാരിൽ നിന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് തൊടുപുഴ പൊലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ .

  40 ആര്‍സി ബുക്കുകൾ, 32 ഒപ്പിട്ട മുദ്രപത്രങ്ങള്‍ , 60 സ്റ്റാമ്പ് പതിച്ച രേഖകള്‍, 35 ആധാരങ്ങൾ എന്നിവ കണ്ടെത്തി. ഇടപാടുകാരിൽ നിന്ന് പിടിച്ചെടുത്ത ഒരുകാറും അഞ്ച് ഇരുചക്ര വാഹനങ്ങളും ജോസഫിന്റെ വീട്ടിൽ ഉണ്ടായിരുന്നു. 

വീട്ടില്‍ നിന്ന് മ്ലാവിന്‍റെ കൊമ്പിൻ കഷണവും തോക്കും പിടികൂടിയിട്ടുണ്ട്. ഇതെകുറിച്ച് വനംവുകപ്പ് അന്വേഷണം തുടങ്ങി . 

സഹോദരങ്ങളുമായി ചേർന്നാണ് ജോസഫ് അഗസ്റ്റിൻ കഴുത്തറപ്പൻ പലിശയ്ക്ക് പണം കൊടുത്തിരുന്നത്. . ജോർജ് അഗസ്റ്റിന്റെ വീട്ടിൽ നിന്ന് 45,000 രൂപയും സഹോദരൻ ടൈറ്റസിന്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുപത് വര്ഷമായി ഉയര്‍ന്ന പലിശക്ക് ഇയാൾ പണം നല്‍കി വരുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പണമിടപാടുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങൾ ചുമത്തിയാണ് അറസ്റ്റ് . നാളെ കോടതിയിൽ ഹാജരാക്കും.

MORE IN Kuttapathram
SHOW MORE