സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റും മാർക്ക്‌ലിസ്റ്റും; നാലുപേർ അറസ്റ്റിൽ

fake-certificate-case-2
SHARE

സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റും മാർക്ക്‌ലിസ്റ്റും നിർമിച്ച് നൽകുന്ന സ്ഥാപനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ നാലു പേർ അറസ്റ്റിലായി. ബംഗളൂരുവിലെ  വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ നഗരത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നടത്തിവന്ന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തി പരിശീലനമോ പരീക്ഷയോ കൂടാതെ പണം വാങ്ങി വിദ്യാർഥികൾക്കു സർട്ടിഫിക്കറ്റുകൾ നൽകിയിരുന്ന സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. മഹാലക്ഷ്മി ലേഔട്ട്, കൊ‍ഡിഗെഹള്ളി, മാറത്തഹള്ളി എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലാണ് പരിശോധന നടന്നത്. മാർക്ക് ലിസ്റ്റിനു 50,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നത്. 10 ലക്ഷം രൂപയ്ക്ക് പിഎച്ച്ഡി സർട്ടിഫിക്കറ്റും നൽകിയിരുന്നു. സ്ഥാപനത്തിന്റെ സ്ഥാപകനും തട്ടിപ്പിലെ പ്രധാന സൂത്രധാരനുമായ ശ്രീനിവാസ് റെഡ്ഡി ഒളിവിലാണ്. സമാനമായ കേസിൽ ഇയാൾ 2018ലും 2019ലും അറസ്റ്റിലായിട്ടുണ്ട്. 

കഴിഞ്ഞ മാസം ബികോം കോഴ്സിനു അഡ്മിഷൻ തേടിയ വിദ്യാർഥിനിയോട് പണം നൽകിയാൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകാമെന്നു സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നു. ഇവർ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പു പുറത്തായത്. കർണാടക സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റി, ഷില്ലോങ് യൂണിവേഴ്സിറ്റി അടക്കമുള്ള രാജ്യത്തെ പ്രമുഖ കോളജുകളുടെയും സർവകലാശാലകളുടെയും വ്യാജ സർട്ടിഫിക്കറ്റുകളാണ് പ്രതികൾ വിറ്റിരുന്നത്. പ്രതികളുടെ പക്കല്‍ നിന്നും 1097 വ്യാജ മാർക്ക് ലിസ്റ്റ്, 74 സർവകലാശാലയുടെ  സീലുകൾ, 5 ഹാർഡ് ഡിസ്ക്കുകൾ, മൊബൈൽ ഫോണുകൾ, പ്രിന്ററുകൾ എന്നിവ കണ്ടെടുത്തു. 

fake certificate case arrest

MORE IN Kuttapathram
SHOW MORE