രാമേശ്വരത്ത് കോടികളുടെ ലഹരിമരുന്ന് വേട്ട

rameswaram-drugs
SHARE

തമിഴ്നാട് രാമേശ്വരത്ത് കോടികളുടെ ലഹരിമരുന്ന് വേട്ട. കുടിവെള്ള ക്യാനുകളിൽ ഒളിപ്പിച്ച് മീൻ പിടിത്ത ബോട്ടിൽ കയറ്റി ശ്രീലങ്കയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ രാമേശ്വരം കോസ്റ്റൽ പൊലീസ് ആണ്  ലഹരി മരുന്നു നിർമാണ അസംസ്‌കൃത വസ്തുക്കൾ പിടികൂടിയത്. കൊക്കെയ്ൻ നിർമിക്കാനുള്ള അസംസ്കൃതപദാർത്ഥമാണ് പിടിച്ചെടുത്തതെന്നാണ് നിഗമനം. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകൾ ചെന്നൈയിലെ ലാബിലേക്ക് അയച്ചു. 

രാമേശ്വരം വഴി ലഹരിമരുന്ന് കടത്തിനു സാധ്യത ഉണ്ടെന്ന  രഹസ്യവിവരത്തെ തുടർന്ന് തീരദേശ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. മത്സ്യ ബന്ധന തുറമുഖത്തേക്കും തീരത്തേയ്ക്കുമുള്ള  വാഹനങ്ങൾ പൊലീസ് അരിച്ചു പെറുക്കി. ഇതിനിടെ അമിതവേഗതയിലെത്തിയ ആഡംബര കാർ പൊലീസ് തടഞ്ഞു. യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ വിശദമായി പരിശോധിക്കുകയായിരുന്നു. 

കുടിവെള്ള ക്യാനുകളിൽ ഒളിപ്പിച്ച നിലയിൽ വെളുത്ത പൊടി കാറിൽ നിന്ന് കണ്ടെടുത്തു. 20 ലിറ്ററിന്റെ 30 ക്യാനുകളാണ് കാറിൽ ഉണ്ടായിരുന്നത്. കൊക്കെയ്ൻ നിർമിക്കാനുള്ള അസംസ്കൃത പദാർത്ഥമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറിൽ ഉണ്ടായിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കരൈ മുനിസിപ്പാലിറ്റി മുൻ കൗൺസിലർ ജൈനുദ്ദീൻ, നിലവിലെ കൗൺസിലർ സർഫ്രാസ് നവാസ് എന്നിവരാണ് പിടിയിലായത്. ഇരുവരും പ്രാദേശിക ഡിഎംകെ നേതാക്കളാണ്. ഇവർ ചെന്നൈയിൽ കാർഗോ ട്രക് സർവീസ് നടത്തിവരുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു കള്ളക്കടത്ത്. പിടിച്ചെടുത്ത പദാർത്ഥം സാദിഖ് അലി എന്നയാളുടെ ബോട്ടിൽ ശ്രീലങ്കയ്ക്ക് അയക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത പൊടിയിൽ നിന്നു രാജ്യാന്തര വിപണിയിൽ മുന്നൂറ് കോടിയിലേറെ വില വരുന്ന കൊക്കെയ്ൻ സംസ്കരിച്ചെടുക്കാനാകുമെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. 

Rameswaram drug case; two arrested

MORE IN Kuttapathram
SHOW MORE