നിധി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മറയാക്കിയത് മന്ത്രവാദവും ആള്‍മാറാട്ടവും

kollamkode-case
SHARE

പാലക്കാട് കൊല്ലങ്കോടില്‍ സ്വര്‍ണനിധി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന് പിന്നില്‍ മന്ത്രവാദവും ആള്‍മാറാട്ടവും. അറസ്റ്റിലായ മധുര സ്വദേശികള്‍ കാറിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കബീറും രണ്ട് സുഹൃത്തുക്കളും പലതവണ നിധി കണ്ടെടുക്കുന്ന സ്വാമിമാരായി വേഷം കെട്ടി. മധുരയിലെ പറമ്പിലെ പൂജയ്ക്കിടെ കബീര്‍ നേരത്തെ രഹസ്യമായെത്തി കുഴിച്ചിട്ടിരുന്ന വ്യാജ വിഗ്രഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു.  വിഡിയോ റിപ്പോർട്ട് കാണാം. 

മധുരയില്‍ താമസക്കാരനായ മലയാളിയാണ് കഴിഞ്ഞദിവസം അറസ്റ്റിലായ മേലൂര്‍ സ്വദേശികളായ വിജയ്, ഗൗതം, ശിവ എന്നിവര്‍ക്ക് കബീറിനെ പരിചയപ്പെടുത്തിയത്. സ്വര്‍ണനിധി കണ്ടെടുക്കാന്‍ മിടുക്കുള്ള സ്വാമിയെന്നായിരുന്നു അറിയിച്ചത്. മധുരയിലെ ബന്ധുവിന്റെ ഭൂമിയില്‍ നിന്ന് സ്വര്‍ണനിധി പുറത്തെടുക്കണമെന്ന ആവശ്യവുമായി മൂവരും കൊല്ലങ്കോടെത്തിയ സമയം കബീറും മറ്റ് രണ്ട് സുഹൃത്തുക്കളും സ്വാമിമാരായി അഭിനയിച്ചു. ഭസ്മം ഉള്‍പ്പെടെ അന്തരീക്ഷത്തില്‍ വലിച്ചെറിഞ്ഞ് വിശ്വാസമുറപ്പിച്ചു. ആദ്യം സ്ഥലം കാണാനെന്ന വ്യാജേന കബീര്‍ മധുരയിലെത്തി. പിന്നീട് രഹസ്യമായി ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാജ വിഗ്രഹങ്ങളും തകിടും കുഴിച്ചിട്ടു. അടുത്തയാഴ്ച മധുരയിലെ നിധി പുറത്തെടുക്കാന്‍ കബീര്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സ്വാമിമാരുടെ വേഷത്തിലെത്തി. പ്രത്യേക പൂജകള്‍ക്ക് ശേഷം കബീര്‍ നേരത്തെ കുഴിച്ചിട്ടിരുന്ന വ്യാജ വിഗ്രഹം പുറത്തെടുത്ത് വിശ്വാസം കൂട്ടി. പല ഭാഗങ്ങളില്‍ നിന്ന് തകിടും പുറത്തെടുത്തു. കൂടുതല്‍ പൂജകള്‍ നടത്തിയാല്‍ വലിയ നിധിശേഖരം കണ്ടെത്താമെന്ന് വിശ്വസിപ്പിച്ചു. പലതവണയായി മുപ്പത്തി അഞ്ച് ലക്ഷത്തിലധികം രൂപ കൈക്കലാക്കി. മധുര സ്വദേശികളോട് മണ്ണ് പൂജയും ക്ഷേത്രദര്‍ശനവും മുടക്കമില്ലാതെ നടത്താനും നിര്‍ദേശിച്ചു. സ്വര്‍ണനിധി കണ്ടെടുക്കുന്നത് വൈകിയതോടെ പണം നല്‍കിയ മൂവരും കൊല്ലങ്കോടെത്തി കൂടുതല്‍ അന്വേഷിച്ചു. ഈസമയത്താണ് കബീറിന്റെയും സുഹൃത്തുക്കളുടെയും ആള്‍മാറാട്ടം തെളിഞ്ഞത്. പണം അന്വേഷിച്ചെത്തിയ സമയം ഒരുതവണ കബീറിന്റെ സുഹൃത്തിന്റെ വാഹനം സംഘം തകര്‍ത്തു. കബീറിനെ തട്ടിക്കൊണ്ടുപോയി വിലപേശി പണം കൈക്കലാക്കാനായിരുന്നു തീരുമാനം. അറസ്റ്റിലായവരുടെ മൊഴി പിന്തുടര്‍ന്ന് കബീറിന്റെ സുഹൃത്തുക്കളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും സ്ഥലത്തില്ലെന്നാണ് വിവരം. സംഘം സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.

MORE IN Kuttapathram
SHOW MORE