ഗൃഹനാഥനെ കാറിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതിന് പിന്നില്‍ സ്വര്‍ണക്കട്ടി വാഗ്ദാനം; മൊഴി

accidentkidnapp
SHARE

പാലക്കാട് കൊല്ലങ്കോട് മാമ്പള്ളത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗൃഹനാഥനെ കാറിടിച്ച് വീഴ്ത്തി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതിന് പിന്നില്‍ സ്വര്‍ണക്കട്ടി വാഗ്ദാനമെന്ന് മൊഴി. മുതലമട സ്വദേശി കബീര്‍ പലപ്പോഴായി മുപ്പത് ലക്ഷത്തിലധികം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് അറസ്റ്റിലായ മൂവരും പൊലീസിനെ അറിയിച്ചിട്ടുള്ളത്. സ്വര്‍ണവും പണവും കിട്ടാത്ത സാഹചര്യത്തിലാണ് കബീറിനെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടതെന്നും മധുര സ്വദേശികളുടെ കുറ്റസമ്മതം.  വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കബീറിനെ മാമ്പള്ളത്ത് വച്ച് മൂവര്‍സംഘം കാറിടിച്ച് വീഴ്ത്തുകയായിരുന്നു. തെറിച്ച് വീണ കബീറിനെ ആശുപത്രിയില്‍ കൊണ്ടുപോകാനെന്ന വ്യാജേന കാറില്‍ കയറ്റി. കൂടെക്കയറാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്നവര്‍ തടസം പറഞ്ഞു. സംശയം തോന്നിയ നാട്ടുകാര്‍ പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പരുക്കേറ്റ കബീറിനെയും കൊണ്ട് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മീനാക്ഷിപുരം പൊലീസ് പിന്തുടര്‍ന്ന് കാറിലുണ്ടായിരുന്ന മധുര മേലൂര്‍ സ്വദേശികളായ വിജയ്, ഗൗതം, ശിവ എന്നിവരെ പിടികൂടിയത്. പിന്നീട് ഇവരെ കൊല്ലങ്കോട് പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിലാണ് സ്വര്‍ണക്കട്ടി വാഗ്ദാനത്തിന്റെ വിവരം പുറത്ത് വന്നത്. സ്വര്‍ണക്കട്ടി നല്‍കാമെന്നറിയിച്ച് കബീര്‍ ഇവരുടെ കൈയില്‍ നിന്നും പലപ്പോഴായി മുപ്പത് ലക്ഷത്തിലധികം രൂപ വാങ്ങി. സ്വര്‍ണം കിട്ടാന്‍ പല അവധി പറഞ്ഞെങ്കിലും നടപ്പായില്ല. ഒടുവില്‍ പണം നല്‍കാമെന്ന് കബീര്‍ ഏറ്റെങ്കിലും അതും മുടങ്ങി. ഈ സാഹചര്യത്തിലാണ് കബീറിന്റെ നീക്കം നിരീക്ഷിച്ച് തട്ടിക്കൊണ്ട് പോയി പണം തിരികെ വാങ്ങാന്‍ തീരുമാനിച്ചത്. പരുക്കേറ്റ് ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കബീര്‍ കാറിലുണ്ടായിരുന്നവരെ തനിക്ക് നേരത്തെ പരിചയമുണ്ടെന്ന് വ്യക്തമാക്കി. പിടിയിലായവരുടെ മൊഴി കണക്കിലെടുക്ക് കബീറിന്റെ ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ കൊല്ലങ്കോട് പൊലീസ് പരിശോധിക്കും. സംഘത്തില്‍ കൂടുതലാളുകളുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE