കഴുത്തിൽ കത്തിവച്ചു സ്വർണം കവരും; താടി വടിച്ച് മുങ്ങിനടന്നു; പൊക്കി പൊലീസ്

theft-arrest-police
SHARE

എസ്.ഐയുടെ കഴുത്ത് പിടിച്ച് ഞെരിച്ചതല്ല. കവര്‍ച്ചാരീതി സദ്ദാം ഹുസൈന്‍ പൊലീസിനോട് വിശദീകരിച്ചതാണ്. ഇതേമട്ടിലാണ് വീട്ടമ്മയായ സുമതിയുടെ എട്ട് പവന്‍ വരുന്ന മാലയും വളയും കവര്‍ന്നത്. പുഴക്കടവില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുമതിയെ ഇടവഴിയില്‍ തടഞ്ഞ് നിര്‍ത്തി കത്തികാട്ടി കഴുത്തിലും കൈയിലുമുണ്ടായിരുന്ന മാലയും വളയുമെല്ലാം കൈക്കലാക്കി സദ്ദാം ഹുസൈനും ഹനീഷും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കടവില്‍ പതിവായി മദ്യപിക്കാനെത്തിയിരുന്ന ഇരുവരും വീട്ടമ്മയുടെ വരവും കഴുത്തിലെ സ്വര്‍ണവും നിരീക്ഷിച്ചാണ് കവര്‍ച്ചാപദ്ധതി തയാറാക്കിയത്. സമീപത്ത് ആരുമില്ലെന്ന് ഉറപ്പിച്ച് കൃത്യമായി മാല കവര്‍ന്ന് രക്ഷപ്പെട്ടു. സദ്ദാം മാല കവര്‍ന്നു. ഹനീഷ് ബൈക്ക് സ്റ്റാര്‍ട്ടാക്കി കാത്തു നിന്നു. സ്വര്‍ണം കിട്ടിയെന്ന് ഉറപ്പായതിന് പിന്നാലെ ഇരുവരും രക്ഷപ്പെട്ടു.

വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ തുമ്പായി

പുഴക്കടവിലേക്ക് ഇറങ്ങുന്നിടത്തോ വഴിയിലോ സിസിടിവികളൊന്നുമില്ല. കള്ളന്‍മാര്‍ രക്ഷപ്പെടുന്നത് കവര്‍ച്ചയ്ക്കിരയായ വീട്ടമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും അറിവുമുണ്ടായിരുന്നില്ല. സ്വര്‍ണം നഷ്ടപ്പെട്ടതിനപ്പുറം ജീവന്‍ തിരിച്ചുകിട്ടിയെന്ന യാഥാര്‍ഥ്യത്തിലേക്ക് വീട്ടമ്മയെത്താന്‍ ഏറെ നേരമെടുത്തു. ഭീതിയില്‍ കുറച്ച് നേരം സംസാരിക്കാനേ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ കവര്‍ച്ചാസംഘം രക്ഷപ്പെട്ടു. കള്ളന്‍മാരുടെ രൂപവും അവരുടെ ശരീരഭാഷയുമെല്ലാം പിന്നീട് വീട്ടമ്മ പൊലീസിനോട് കൃത്യമായി പറഞ്ഞു. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാര്‍ നൂറിലധികം സിസിടിവി പരിശോധിച്ചാണ് ചെറിയ സൂചനയിലേക്കെത്തിയത്. പിന്നാലെ സദ്ദാം ഹുസൈനെയും ഹനീഷിനെയും അന്വേഷിച്ച് പൊലീസ് വീട്ടിലെത്തി. ഒരാളോട് കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ രണ്ടാമനെയും പൊലീസ് ഫോണില്‍ ബന്ധപ്പെട്ടു. പൊലീസ് വീട് വളഞ്ഞിട്ടുണ്ടെന്ന് മനസിലാക്കാതെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഹനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രക്ഷപ്പെടാന്‍ താടി വടിച്ചു

വീട്ടമ്മ നല്‍കിയ വിവരമനുസരിച്ചാണെങ്കില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്ന യുവാവിന് നീളത്തില്‍ താടിയുണ്ടായിരുന്നു. സൂചനകള്‍ പിന്തുടരുന്നതിനിടയില്‍ താടിയുള്ള യുവാക്കളെ പൊലീസ് പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തു. അവിടെയാണ് സദാംഹുസൈന്‍ അല്‍പം അതിബുദ്ധി കാണിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ താടി പൂര്‍ണമായും വടിച്ചു. രൂപമൊന്ന് മാറ്റി. മുഖത്തെ മുടി പോയെങ്കിലും ഓടിച്ച വണ്ടിയുടെ നമ്പര്‍ മറയ്ക്കാതിരുന്നതും സിസിടിവിയും പൊലീസിന് കള്ളന്‍മാരിലേക്കെത്താന്‍ കൂടുതല്‍ തുമ്പായി.

സ്ഥലപരിചയം പ്രധാനഘടകമെന്ന് പൊലീസ്

നിരവധി വീടുകള്‍ക്കിടയിലൂടെയുള്ള ചെറുവഴിയിലൂെട സഞ്ചരിച്ച് കവര്‍ച്ച പൂര്‍ത്തിയാക്കി മടങ്ങണമെങ്കില്‍ സ്ഥലത്തെക്കുറിച്ച് കൃത്യമായ മുന്‍പരിചയമുള്ള വ്യക്തിയാകണം എന്ന കാര്യം പൊലീസ് ആദ്യമേ ഉറപ്പിച്ചു. ഈ സംശയം ഇരുവരെയും പിടികൂടിയപ്പോള്‍ ബോധ്യപ്പെടുകയും ചെയ്തു. കോവിഡ് കാലത്ത് പച്ചക്കറി വില്‍പനക്കാരനായി സദ്ദാം ഹുസൈന്‍ പൂടൂരും പരിസരത്തുമെല്ലാം എത്തിയിട്ടുണ്ട്. പലപ്പോഴും പുഴയില്‍ കുളിച്ചും മടങ്ങിയിട്ടുണ്ട്. ഈ പരിചയം വച്ചാണ് പുഴയിലേക്ക് വരുന്നവരെ നിരീക്ഷിക്കാനും സാധ്യതയുണ്ടെങ്കില്‍ അധിക പ്രയത്നമില്ലാതെ കവര്‍ച്ച പൂര്‍ത്തിയാക്കാനും നിശ്ചയിച്ചത്.

പൊലീസിന് നാട്ടുകാരുടെ വക അഭിനന്ദനം

സാധാരണക്കാര്‍ രാപകല്‍ വ്യത്യാസമില്ലാതെ ആശ്രയിക്കുന്ന പുഴക്കടവ്. യാത്ര ചെയ്യാനുള്ള വഴി. ഇവിടെ ഇത്തരത്തിലൊരു അത്യാഹിതം പതിയിരുന്നത് പലരെയും പേടിപ്പിക്കുന്നതായിരുന്നു. കവര്‍ച്ചയുണ്ടായതിന്റെ പിറ്റേന്ന് തന്നെ കള്ളന്‍മാരെക്കുറിച്ചുള്ള സൂചനയിലേക്ക് എത്താന്‍ കഴിഞ്ഞത് പൊലീസ് മികവെന്നറിയിച്ച് നാട്ടുകാര്‍‍ അഭിനന്ദനം അറിയിച്ചു. കള്ളന്‍മാരെ തെളിവെടുപ്പിന് എത്തിച്ച് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പൊലീസിന് അഭിനന്ദനവുമായി എത്തിയത്. കള്ളന്‍മാരെ വേഗം കുടുക്കിയതിന് വീട്ടമ്മ സുമതി തന്നെ പൊലീസിനെ പ്രശംസ കൊണ്ട് നിറച്ചു.

കള്ളനെ പിടിച്ചല്ലോ ഇനി സമാധാനത്തോടെ ഉറങ്ങാം

വീട്ടമ്മയുടെ മാല കവര്‍ന്ന ദിവസം മുതല്‍ പതിവായി കുളിക്കടവില്‍ ഉള്‍പ്പെടെ എത്തുന്ന പലരും ആശങ്കയിലായിരുന്നു. എങ്ങനെ ധൈര്യത്തോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങും എന്നതായിരുന്നു സ്ത്രീകളില്‍ പലരുടെയും സംശയം. കള്ളന്‍മാരെ പിടിച്ചതോടെ ഈ ശങ്ക മാറി. പലര്‍ക്കും ആശ്വാസം സമാധാനം. പൂടൂര്‍ പുഴക്കടവിലും പരിസരത്തും മദ്യപരുടെ പതിവ് സാന്നിധ്യമുണ്ടെന്നും ഓരോദിവസവും ഈ ആശങ്ക ഉയരുന്നതായും നാട്ടുകാര്‍ പറയുന്നു. പൊലീസ് കൂടുതല്‍ ജാഗ്രത കാണിച്ചാല്‍ സന്തോഷം. എന്നാല്‍ കൂടുതല്‍ വീടുകളില്‍ സിസിടിവി ഉള്‍പ്പെടെ സ്ഥാപിച്ച് നാട്ടുകാരും കരുതല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണമെന്നാണ് പൊലീസിന്റെ മറുപടി.  

കള്ളന്‍മാരെ കാണാന്‍ നാട്ടുകാരുടെ നീണ്ടനിര

ഇതുവരെയില്ലാത്ത മട്ടില്‍ നാട്ടില്‍ പരിഭ്രാന്തിയുണ്ടാക്കി സ്വര്‍ണവുമായി കടന്ന കള്ളന്‍മാരെ കാണാന്‍ നാട്ടുകാര്‍ തടിച്ച് കൂടി. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ പൊലീസ് ജീപ്പിനെ പലരും വാഹനങ്ങളില്‍ പിന്തുടര്‍ന്നു. വഴിയില്‍ ജീപ്പ് നിര്‍ത്തിയതോടെ ഉള്ളിലേക്ക് തലയിട്ട് കള്ളന്‍മാരുടെ മുഖം പലരും നന്നായി കണ്ടു. കൊള്ളാമല്ലോ മറ്റ് ജോലിയെന്തെങ്കിലും ചെയ്ത് ജീവിച്ചൂടേ എന്നതായി പലരുെടയും കള്ളന്‍മാരോടുള്ള ഉപദേശം. ഇതിനിടയില്‍ കടവിലേക്ക് കള്ളന്‍മാരെ കൊണ്ടുവരുന്ന വിവരം പലരും ഫോണില്‍ അറിയിക്കുന്നുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂടൂരില്‍ ആള് കൂടി. തെളിവെടുപ്പിനിടെ സ്ത്രീകള്‍ ഉള്‍പ്പെെട കള്ളന്‍മാരെ നോക്കി ദേഷ്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

MORE IN Kuttapathram
SHOW MORE