പൊലീസിനെ കണ്ട് കഞ്ചാവ് ഉപേക്ഷിച്ച് മുങ്ങി; മൂന്നാമനും അറസ്റ്റിൽ

palakkad-ganja-case-arrest
SHARE

പൊലീസ് പരിശോധന കണ്ട് കഞ്ചാവ് പൊതി ഉപേക്ഷിച്ച് ബൈക്കില്‍ രക്ഷപ്പെട്ട സംഘത്തിലെ മൂന്നാമനും അറസ്റ്റില്‍. പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ചെറുകിട വില്‍പനക്കാര്‍ക്ക് കഞ്ചാവെത്തിച്ചിരുന്ന കൊടുമ്പ് കരിങ്കരപ്പുള്ളി സ്വദേശി ജിതിനെയാണ് കസബ പൊലീസ് പിടികൂടിയത്. വധശ്രമക്കേസില്‍ റിമാന്‍ഡിലായിരുന്ന ജിതിന്‍ കഴിഞ്ഞമാസം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും കഞ്ചാവ് വില്‍പന തുടങ്ങിയത്. ഈമാസം പതിനേഴിന് രാത്രിയിലായിരുന്നു ചന്ദ്രനഗറിന് സമീപം ബൈക്കിലെത്തിയ യുവാക്കള്‍ നാല് കിലോയിലധികം കഞ്ചാവ് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. ഇവരുടെ കൈയില്‍ നിന്നും നഷ്ടമായ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് കസബ പൊലീസ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികളെ തിരിച്ചറിഞ്ഞു. പിറ്റേന്ന് രാവിലെ കല്ലേപ്പുള്ളി സ്വദേശികളായ സനോജ്, അജിത് എന്നിവര്‍ കസബ സ്റ്റേഷനിലെത്തി കുറ്റമേറ്റു. 

പാലക്കാട് നഗരത്തിൽ വർഷങ്ങളായി പൊലീസിനെയും എക്സൈസിനേയും കബളിപ്പിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന സംഘത്തിലെ കണ്ണികളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കൂട്ടുപ്രതികളെക്കുറിച്ച് ഇരുവരും പൊലീസിന് മൊഴിനല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജിതിന്‍ പിടിയിലായത്. വധശ്രമക്കേസില്‍ റിമാന്‍ഡിലായിരുന്ന ജിതിന്‍ കഴിഞ്ഞമാസം പതിമൂന്നിനാണ് ജയില്‍മോചിതനായത്. പിന്നാലെ കഞ്ചാവ് വില്‍പന സംഘത്തില്‍ സജീവമായി. ജിതിനെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. ആന്ധ്രയില്‍ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുന്ന സംഘത്തിലെ കൂടുതലാളുകള്‍ അടുത്തദിവസങ്ങളില്‍ പിടിയിലാകുമെന്ന് കസബ പൊലീസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE