പീഡിപ്പിച്ചയാൾക്കെതിരെ കേസെടുത്തില്ല; ഇരയും അമ്മയും ജീവനൊടുക്കി

ap-death-3
SHARE

ബലാല്‍സംഗം ചെയ്തയാള്‍ക്കെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്നു പെണ്‍കുട്ടിയും അമ്മയും ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയിലെ എലൂരിലാണു പൊലീസിന്റെ നീതികേട് രണ്ടു ജീവനെടുത്തത്. സംഭവം വിവാദമായതോടെ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു. വെസ്റ്റ് ഗോദാവരി ജില്ലയിലെ പെടവേഗി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള സത്യനാരയാണന്റെ വാശിയാണു വിലപ്പെട്ട രണ്ടു ജീവനുകള്‍ നഷ്ടമാകാന്‍ കാരണം. കഴിഞ്ഞ 12നു ചിട്ടിബാബുവെന്നയാള്‍ 17 വയസുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു സമീപത്തെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്നായിരുന്നു വാഗ്ദാനം. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ തൊട്ടടുത്ത ദിവസം സ്റ്റേഷനില്‍ പരാതിയുമായി എത്തി. എന്നാല്‍ കേസെടുക്കാന്‍ സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ്.ഐ സത്യനാരായണന്‍ വിസമ്മതിച്ചു. 

ചിട്ടിബാബുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താനായിരുന്നു പെണ്‍കുട്ടിക്കും കുടുംബത്തിനും ഇയാള്‍ നല്‍കിയ ഉപദേശം. മൂന്നുദിവസം സ്റ്റേഷന്‍ കയറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നു കഴിഞ്ഞ പതിനാറിന്, പെണ്‍കുട്ടിയും അമ്മയും എലിവിഷം കഴിച്ചു. അബോധാവസ്ഥയില്‍ കണ്ട അയല്‍വാസികള്‍ ഇരുവരെയും എലൂരിലും പിന്നീട് വിജയവാഡ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. എസ്.ഐ സത്യനാരായണനെതിരെ നടപടിയാവശ്യപ്പെട്ടു ജനം റോഡ് ഉപരോധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി നടത്തിയ അനുനയ ചര്‍ച്ചയെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ആരോപണ വിധേയനായ എസ്.ഐയെ പിന്നീട് സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു

MORE IN Kuttapathram
SHOW MORE