ടാറ്റുവിന്റെ മറവിൽ എംഡിഎംഎയും സുലഭം; 2 പേര്‍ പിടിയിൽ

mdma-sale-covering-up-tatto
SHARE

ടാറ്റൂ പതിപ്പിക്കുന്നതിന്റെ മറവിൽ എംഡിഎംഎ വിൽപ്പന പതിവാക്കിയിരുന്ന യുവാവും കൊലപാതക കേസിൽ പ്രതിയായ സുഹൃത്തും 170 ഗ്രാം എംഡിഎംഎയുമായി പാലക്കാട് അറസ്റ്റിൽ. കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയായ തിരുവനന്തപുരം സ്വദേശി ശരത്, സുഹൃത്തും ലഹരി കടത്തുകേസിലെ പതിവുകാരനുമായ കിരൺ എന്നിവരെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് ഒലവക്കോട് പിടികൂടിയത്. ഇരുവരും തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചുള്ള ലഹരി വിൽപനയിലെ പ്രധാന കണ്ണികളെന്നാണ് വിവരം. 

സഞ്ചരിക്കുന്ന സ്ഥലത്തെല്ലാം കയ്യിൽ ടാറ്റു പതിപ്പിക്കുന്നതിനുള്ള സംവിധാനം കിരൺ ബാഗിൽ കരുതും. യാത്രയിലാണെങ്കിലും ആർക്ക് വേണമെങ്കിലും ഏത് സമയത്തും ടാറ്റു പതിപ്പിച്ചു നൽകും. വേദനസംഹാരി എന്ന നിലയിലാണ് എംഡിഎംഎ കൈമാറിയിരുന്നത്. ലഹരിയുടെ രുചി മനസിലാക്കുന്ന പലരും പിന്നീട് ഇവരുടെ പതിവ് ഇടപാടുകാരായി. കൂടുതലും സ്കൂൾ കോളജ് വിദ്യാർഥികൾ. ടാറ്റുവിന്റെ മറവിൽ എംഡിഎംഎയും സുലഭം എന്നതായിരുന്നു പ്രത്യേകത. ഇയാൾക്കൊപ്പം ശരത്തും ലഹരികടത്തിൽ പങ്കാളിയായിട്ട് ഏറെ നാളായി. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ പിടിച്ചുപറി, തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ശരത്ത് ഏറെ നാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.  ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെ നിരീക്ഷണത്തിനൊടുവിൽ മൂന്നാം പ്ലാറ്റ്ഫോമിൽ നിന്നാണ് ഇരുവരും പിടിയിലായത്. 

ബെംഗലൂരുവിൽ നിന്ന് ഇന്റർസിറ്റി എക്സ്പ്രസിൽ പാലക്കാട് വന്നിറങ്ങി തൃശ്ശൂരിലേക്ക് ബസ് മാർഗ്ഗം കടന്നു കളയാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ബാംഗ്ലൂരിലെ നൈജീരിയക്കാർ ഉൾപ്പെടെ പതിവ് ഇടപാടുകാരിൽ നിന്നും വാങ്ങി തിരുവനന്തപുരം ജില്ലയിലെ കോളജ് വിദ്യാർത്ഥികൾക്കും പതിവുകാർക്കും വിൽപ്പന നടത്തുന്നതിനായിരുന്നു ലഹരി കൊണ്ടുവന്നതെന്ന് ഇരുവരും വെളിപ്പെടുത്തി. ഇരുവർക്കും സഹായം ചെയ്തിരുന്ന കൂടുതൽ യുവാക്കളുടെ വിവരം ലഭിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പിന്തുടർന്ന് ഇവരെ കണ്ടെത്തുന്നതിനാണ് ശ്രമം. പിടികൂടിയ ലഹരിക്ക് മുപ്പത് ലക്ഷത്തിലധികം രൂപ വില വരും.  

MORE IN Kuttapathram
SHOW MORE