
നഗ്ന ചിത്രങ്ങള്‍ ഉപയോഗിച്ചു ബ്ലാക്ക് മെയില്‍ ചെയ്ത ബ്യൂട്ടിഷനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്നു കൊന്നു വെട്ടിനുറുക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചു. തമിഴ്നാട് കോയമ്പത്തൂരിലാണു ബ്ലാക്ക് െമയിലിങ് ക്രൂര കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയും രണ്ടുസുഹൃത്തുക്കളും അറസ്റ്റിലായി.
ഒരാഴ്ച മുന്‍പ് കോയമ്പത്തൂര്‍ തുഡിയല്ലൂരില്‍ റോഡരികില്‍ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ കൈപ്പത്തിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു അസാധാരണ പ്രതികാരത്തിന്റെ ചുരുളഴിച്ചത്. നഗരത്തിലെ ബ്യൂട്ടിബാര്‍ലറില്‍ ജോലിചെയ്യുകയായിരുന്നു ഈറോഡ് സ്വദേശിയായ പ്രഭു. ഇവരുടെ സുഹൃത്തായിരുന്നു കവിത. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോ പ്രഭു ഫോണില്‍ പകര്‍ത്തിയിരുന്നു. അടുത്തിടെ ബന്ധത്തില്‍ ഉലച്ചില്‍ വന്നു. ഇതോടെ ഈദൃശ്യങ്ങള്‍ കാണിച്ചായി പ്രഭുവിന്റെ ഭീഷണി.ശല്യം അസഹനീയമാതോടെ കവിത സുഹൃത്തുക്കളായ അമുല്‍ ദിവാകര്‍,കാര്‍ത്തിക് എന്നിവരുമായി ചേര്‍ന്നു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. 14നു ഗാന്ധിനഗറിലെ പ്രഭുവിന്റെ താമസസ്ഥലത്തുവച്ചു മൂവരും ചേര്‍ന്നു മര്‍ദ്ദിച്ചുകൊന്നു. മൃതദേഹം എട്ടായി വെട്ടിനുറുക്കിയതിനു ശേഷം വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.
കോയമ്പത്തൂരിലും പരിസരങ്ങളില്‍ നിന്നും കാണാതായവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രഭുവിലേക്കെത്തിയത്. പ്രഭു അവസാനമായി വിളിച്ചതു കവിതയാണന്നു ഫോണ്‍ രേഖകളില്‍ നിന്നു സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. തിരുപ്പൂരിലെ കിണറ്റിൽ നിന്നാണു പ്രഭുവിന്റെ തല കണ്ടെത്തിയത്. എട്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് രാപകല്‍ വ്യത്യാസമില്ലാതെ പൊലിസ് നടത്തിയ നീക്കമാണു അതിക്രൂരമായ കൊലപാതകം പുറത്തുവരുന്നതിനിടയാക്കിയത്.