കാട്ടാന ഷോക്കേറ്റ് ചരി‍ഞ്ഞ സംഭവം; സഹോദരങ്ങളായ മൂന്നുപേർ അറസ്റ്റിൽ

arrest
SHARE

പാലക്കാട് മുണ്ടൂർ നൊച്ചുപ്പുള്ളിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞതിൽ സഹോദരങ്ങളായ മൂന്നുപേർ അറസ്റ്റിൽ. കൈയ്യറ സ്വദേശികളായ അജിത്, അജീഷ്, സിജിത്ത് എന്നിവരെയാണ് ഒലവക്കോട് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടിയത്. ഇന്നലെ രാവിലെയാണ് മുണ്ടൂരിലെ കൃഷിയിടത്തിൽ പതിനഞ്ച് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 

മൂവരും ചേർന്നാണ് കൃഷിയിടത്തിൽ പന്നിക്കെണി സ്ഥാപിച്ചത്. വനാതിര്‍ത്തി വിട്ട് കൃഷിയിടത്തിലേക്കിറങ്ങുന്ന മുയല്‍, മാന്‍, പന്നി തുടങ്ങിയ മൃഗങ്ങളെ കുടുക്കുകയായിരുന്നു ലക്ഷ്യം. കെണിയിലേക്ക് വേണ്ട വൈദ്യുതി സമീപത്തെ ലൈനില്‍ നിന്നാണ് എടുത്തിരുന്നത്. നീളമുള്ള വടിയില്‍ വയര്‍ കൊരുത്തായിരുന്നു വൈദ്യുതി മോഷണം. കെണിയൊരുക്കിയ ശേഷം വീട്ടിലേക്ക് മടങ്ങിയ മൂവരും രാത്രിയില്‍ പന്നി കുടുങ്ങിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് വീണ്ടും കൃഷിയിടത്തിലെത്തി. ഈസമയത്താണ് പിടിയാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. വേഗത്തില്‍ വൈദ്യുതിബന്ധം വിശ്ഛേദിച്ച് വയറും കമ്പിയും സമീപത്ത് ഉപേക്ഷിച്ച് മൂവരും മുങ്ങി. നാട്ടുകാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സഹോദരങ്ങള്‍ കുടുങ്ങിയത്. 

കെണിയൊരുക്കിയ കൃഷിയിടത്തില്‍ ആനയെ തുരത്താന്‍ വനപാലകര്‍ രാത്രിയില്‍ എത്തിയിരുന്നതാണ്. വൈദ്യുതി ബന്ധം വിശ്ഛേദിക്കാത്ത സാഹചര്യമായിരുന്നുവെങ്കില്‍ അപകടസാധ്യതയേറെ. പിടിയിലായ മൂവരും മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ നിശ്ചലമാക്കിയാണ് പന്നിക്കെണി ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയത്. സഹോദരങ്ങളായതിനാല്‍ വിവരം വീട് വിട്ട് പുറത്ത് പോകില്ലെന്നും കരുതി. കെട്ട് കമ്പിയും വയറും വാങ്ങിയത് ഉള്‍പ്പെടെ തെളിവുകള്‍ ലഭിച്ചതിനാല്‍ മൂവര്‍ക്കും രക്ഷപ്പെടാനായില്ല.

MORE IN Kuttapathram
SHOW MORE