യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച പ്രതികൾക്ക് കവർച്ചാ കേസിലും പങ്ക്; അറസ്റ്റ്

theft-prathi
SHARE

ഒറ്റപ്പാലം മനിശ്ശേരിയിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളിൽ മൂന്നുപേർക്ക് കവർച്ചാ കേസിലും പങ്കെന്ന് പൊലീസ്. ഓട്ടോറിക്ഷാ ഡ്രൈവറെ തടഞ്ഞു നിർത്തി കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി പതിനായിരം രൂപയോളം വിലവരുന്ന മൊബൈൽ ഫോൺ കവർന്ന കേസിലാണ് പൊലീസ് മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ആക്രമണ കേസിൽ റിമാൻഡിലായ പനമണ്ണ സ്വദേശികളായ കൃഷ്ണദാസ്, രാജീവ്, കുളപ്പുള്ളി സ്വദേശി സാജൻ എന്നിവരെയാണ് കവർച്ചാ കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയ് 19 ന് രാത്രി 10 ന് അമ്പലവട്ടത്ത് ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ഡ്രൈവറിൽ നിന്ന് മൊബൈൽ ഫോൺ കവർന്നെന്നാണ് കേസ്. ഇതിനിടെയാണ് ഇവർ കഴിഞ്ഞമാസം അക്രമ കേസിൽ പിടിയിലായത്. ഇതു സംബന്ധിച്ച വാർത്ത കണ്ടു തിരിച്ചറിഞ്ഞാണ് കവർച്ചയ്ക്ക് ഇരയായ പരാതിക്കാരൻ വീണ്ടും സമീപിച്ചതെന്നു പൊലീസ് അറിയിച്ചു.

മൊബൈൽ ഫോൺ കുളപ്പുള്ളിയിലെ സ്ഥാപനത്തിൽ നിന്നു വീണ്ടെടുത്തു. മനിശേരിയിൽ വളർത്തു നായ വിൽപന ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഇവർ ഉൾപ്പെടെ നാലുപേർ ചേർന്ന് ലക്കിടി സ്വദേശിയെ ആക്രമിച്ചത്. മനിശേരിയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം ലക്കിടി സ്വദേശി നിഷിലിനെ ബിയർ ബോട്ടിൽ ഉപയേഗിച്ച് തലയ്ക്കടിച്ചും, വാൾ കൊണ്ട് കൈക്കു വെട്ടിയും പരുക്കേൽപ്പിച്ചെന്നായിരുന്നു കേസ്.

MORE IN Kuttapathram
SHOW MORE