റിഫ മെഹ്നുവിന്റെ ദുരൂഹമരണം; ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

rifa-death7-5
SHARE

വ്ലോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മെഹ്നാസിനെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി  തുടര്‍ അന്വേഷണത്തിനായി രണ്ടു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. അതേ സമയം അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി റിഫയുടെ മാതാപിതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. 

 പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മെഹ്നാസിനെ റിഫയുടെ ദുരൂഹമരണക്കേസിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസം ഈ കേസില്‍  മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കാസര്‍കോട് എത്തിച്ച് തെളിവെടുക്കേണ്ടതിനാലാണ് രണ്ടു ദിവസത്തെ പൊലിസ് കസ്റ്റഡി. 

റിഫയുടെ ഫോണ്‍ ഇതുവരെ മെഹ്നാസ് അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല..  ഈ രണ്ടുദിവസത്തിനുള്ളില്‍ നിര്‍ണായക തെളിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഈ ഫോണും കണ്ടെത്തണം. അതേസമയം റിഫ മരിച്ചത് ദുബായിയില്‍ വച്ചായതിനാല്‍ അന്വേഷണം അവിടേക്ക് വ്യാപിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. 

ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് റിഫയെ ദുബായിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണം സംഭവിച്ച ഉടന്‍ തന്നെ ഇതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം റിഫയുടെ മാതാപിതാക്കള്‍ ഉന്നയിച്ചിരുന്നു.. ഭര്‍ത്താവ് മെഹ്നാസ് ഉപദ്രവിച്ചിരുന്നതായി മാതാപിതാക്കള്‍ പൊലിസില്‍ പരാതിയും നല്‍കി. ആ പരാതി ശരിവെക്കുന്ന റിഫയുടെ നിരവധി ഒാഡിയോ സന്ദേശങ്ങളായിരുന്നു പിന്നീട് പുറത്തുവന്നത്. ഇതുള്‍പ്പടെ മെഹ്നാസിനെ ശിക്ഷിക്കാനാവശ്യമായ തെളിവുകളെല്ലാം അന്വേഷണസംഘം ഇതിനകം ശേഖരിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE