വീട്ടിലേക്ക് ഒരു കുറിയർ , തുറന്നപ്പോൾ 56 പേരുടെ പാസ്പോർട്ടുകൾ

fake-visa
SHARE

യൂറോപ്പിലേക്കു പോകാൻ വീസ കാത്തിരുന്നയാളുടെ വീട്ടിലേക്ക് ഒരു കുറിയർ എത്തി. തുറന്നപ്പോൾ കണ്ടത് 56 പേരുടെ പാസ്പോർട്ടുകൾ. ആ പാസ്പോർട്ടുകളിലെ ഒരു പേജ് കീറിയ നിലയിലും! ഡിറ്റക്ടീവ് നോവലുകളെ വെല്ലുന്ന ഒരു യഥാർഥ കുറ്റകൃത്യ കഥ ഇങ്ങനെ..

 ഇതൊക്കെ നടപ്പുള്ള കാര്യമാണോ എന്ന സംശയം പലവട്ടം മനസ്സിലെത്താൻ സാധ്യതയുണ്ടെന്ന ബോധ്യത്തോടെ വേണം തുടർന്നു വായിക്കാൻ. ഇരകൾക്കു പോലും അവിശ്വസനീയമായി തോന്നിയ ഒരു കുറ്റകൃത്യത്തിന്റെ കഥയാണിത്. യൂറോപ്പിലേക്കു ജോലിക്കു പോകാൻ വീസ കാത്തിരുന്ന കൊടകര സ്വദേശിയുടെ വീട്ടിലേക്ക് ഏതാനും ആഴ്ച മുൻപ് ഒരു കുറിയർ എത്തി.

കുറിയർ പൊട്ടിച്ച‍ുനോക്കിയപ്പോൾ കണ്ടത് 56 പേരുടെ പാസ്പോർട്ടുകൾ. തന്നോടൊപ്പം ജോലിക്ക് അപേക്ഷിക്കുകയും വിദേശത്തു ജോലി ശരിയാകുകയും ചെയ്ത യുവാക്കളുടെ പാസ്പോർട്ടുകളാണിതെന്നു യുവാവിനു മനസ്സിലായി. പാസ്പോർട്ടിൽ വീസ സ്റ്റാംപ് ചെയ്ത പേജ് കീറിയ നിലയിലായിരുന്നു. എന്താണു സംഭവിക്കുന്നതെന്നു യുവാക്കൾ മനസ്സിലാക്കിവന്നപ്പോൾ ചുരുളഴിഞ്ഞത് വലിയൊരു കുറ്റകൃത്യം.

800 യൂറോ

സെർബിയയിൽ 800 യൂറോ ( ഏകദേശം 65,000 ഇന്ത്യൻ രൂപ) മാസ ശമ്പളത്തിൽ ജോലിയെന്ന വാഗ്ദാനം കണ്ടാണു തൃശൂർ ജില്ലയിലെ എഴുപതിലേറെ യുവാക്കൾ അപേക്ഷിച്ചത്. വെയർഹൗസ് അസിസ്റ്റന്റ് തസ്തികയിൽ ആദ്യ നിയമനം നൽകുമെന്നു പിന്നാലെ ഇറ്റലിയിൽ മികച്ച ജോലിയിൽ പ്രവേശിക്കാമെന്നുമായിരുന്നു വാഗ്ദാനം. എംജി റോഡിലെ ബാലിസ് അസോഷ്യേറ്റ്സ് എന്ന റിക്രൂട്മെന്റ് ഏജൻസി ആയിരുന്നു ജോലി വാഗ്ദാനം ചെയ്തത്. സർവീസ് ചാർജ് അടക്കം 2.60 ലക്ഷം രൂപ ഉദ്യോഗാർഥികളിൽ നിന്നു വാങ്ങി.

15 ദിവസത്തിനകം സെർബിയയിലേക്കു പറക്കാം എന്നതായിരുന്നു ഉറപ്പ്. പാസ്പോർട്ടും പണവും വാങ്ങിയ ശേഷം ഉദ്യോഗാർഥികളെ ഏജൻസി സന്തോഷത്തോടെ വീട്ടിലേക്കു പറഞ്ഞയച്ചു. വീസ വരുന്നതും കാത്തിരുന്ന യുവാക്കളുടെ പ്രതീക്ഷയേറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ ഏജൻസിയിൽ നിന്നൊരു വാട്സാപ് സന്ദേശം ലഭിച്ചു. തങ്ങളുടെ പാസ്പോർട്ടിൽ വീസ സ്റ്റാംപ് ചെയ്തതിന്റെ ചിത്രമായിരുന്നു വാട്സാപ്പിൽ.

കീറിയ പാസ്പോർട്ട്

രണ്ട‍ും മൂന്നും ആഴ്ച പിന്നിട്ടിട്ടും വീസ വന്നില്ല, പാസ്പോർട്ടും ലഭിച്ചില്ല. അന്വേഷിച്ച് എത്തിയവർ ഏജൻസി ഓഫിസിൽ ബഹളമുണ്ടാക്കി. പരാതി ലഭിച്ചപ്പോൾ ഈസ്റ്റ് പൊലീസ് കയ്യോടെ കേസെടുത്തു. ഇതിനു പിന്നാലെയാണ് ഉദ്യോഗാർഥികളിൽ ഒരാളുടെ പേരിൽ കുറിയറെത്തിയത്. 56 അപേക്ഷകരുടെ പാസ്പോർട്ടു കളായിരുന്നു കുറിയറിൽ. സെർബിയൻ വീസ സ്റ്റാംപ് ചെയ്ത പേജ് കീറിയ നിലയിലായിരുന്നു. ഓരോരുത്തർക്കും അവരവരുടെ പാസ്പോർട്ടുകൾ യുവാവ് കൈമാറി.

നേരത്തെ ഏജൻസി ഓഫിസിൽ നിന്നു വാട്സാപ്പിൽ ലഭിച്ച വീസയുടെ പേജ് ഉദ്യോഗാർഥികളിൽ ചിലർ ഡൽഹിയിലെ സെർബിയൻ എംബസിക്ക് അയച്ചുനൽകി. ഈ പേജ് പരിശോധിച്ച ശേഷം എംബസി അയച്ച മറുപടി ഇങ്ങനെ: ‘ഇതു വ്യാജ വീസയാണ്’. ഇതോടെയാണ് ഉദ്യോഗാർഥികൾക്കു കാര്യങ്ങൾ വ്യക്തമായത്. പാസ്പോർട്ടിൽ വ്യാജ വീസ സ്റ്റാംപ് ചെയ്ത ശേഷം പണം തട്ടിക്കുകയായിരുന്നു ഏജൻസി. റിക്രൂട്മെന്റ് ലൈസൻസ് ഇല്ലാത്ത സ്ഥാപനമായിരുന്നു ഇത്.

മലേഷ്യയിൽ പോയവർ

പൊലീസ് കേസെടുത്തതോടെ കൂടുതൽ പേർ പരാതികളുമായെത്തി. ഇതോടെ ഏജൻസി ഉടമ മുൻകൂർ ജാമ്യം തേടി. ഇതിനിടെ, പേജ് കീറിയ പാസ്പോർട്ട്, ജോലി അപേക്ഷകൾക്കു തടസ്സമായതോടെ യുവാക്കളിൽ പലർക്കും പുതിയ പാസ്പോർട്ട് എടുക്കേണ്ടിവന്നു. ഇനിയും പാസ്പോർട്ട് മടക്കി ലഭിക്കാത്തവരുമുണ്ട്.

പൊലീസിനെ സമീപിക്കാതിരിക്കാൻ ഇരകളിൽ 4 പേരെ ജോലിക്കെന്ന പേരിൽ ഏജൻസി മലേഷ്യയിലേക്കയച്ചു. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മലേഷ്യയിൽ നിന്ന് ഇവരെ തിരിച്ചയച്ചതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. പണവും പാസ്പോർട്ടും പോയെങ്കിലും യുവാക്കൾ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

MORE IN Kuttapathram
SHOW MORE