കോടികൾ വിറ്റുവരവ് ലക്ഷ്യം; കടം വാങ്ങി ഹഷിഷ് ഓയിലിന് പണം മുടക്കി; യുവാക്കൾ പിടിയിൽ

hash-oli-fund-arrest
SHARE

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് പന്ത്രണ്ടു കിലോ ഹഷിഷ് ഓയില്‍ കടത്താന്‍ പണം മുടക്കിയ നാലംഗ സംഘം കൊരട്ടി പൊലീസിന്റെ പിടിയില്‍. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടംവാങ്ങിയ പത്തു ലക്ഷം രൂപയാണ് ഹഷിഷ് ഓയില്‍ കടത്താന്‍ ചെലവിട്ടത്. വിഡിയോ റിപ്പോർട്ട് കാണാം. 

പന്ത്രണ്ടു കിലോ ഹഷിഷ് ഓയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ മുരിങ്ങൂര്‍ ദേശീയപാതയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. രണ്ടു വാഹനങ്ങളും കണ്ടെടുത്തിരുന്നു. അന്ന് പിടിയിലായ യുവാക്കള്‍ വെറും കടത്തുകാര്‍ മാത്രമാണെന്ന് പൊലീസ് കണ്ടെത്തി. ഇത്രയും വലിയ ഹഷിഷ് ഓയില്‍ കടത്തിന് പണം മുടക്കിയത് ആരാണെന്ന് അറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അങ്ങനെയാണ്, നാലംഗ സംഘത്തെ തിരിച്ചറിഞ്ഞത്. പുതുവൈപ്പ് സ്വദേശി പ്രേംകുമാര്‍, സാബിന്‍, മലപ്പുറം സ്വദേശി‍ ഹെന്‍വിന്‍, ഞാറയ്ക്കല്‍ സ്വദേശി ഫെബിന്‍ എന്നിവരാണ് പിടിയിലായത്. 

10 മില്ലിക്കു വരെ പതിനായിരം രൂപ നല്‍കാന്‍ ആളുണ്ട്. പന്ത്രണ്ടു കിലോ ഹഷിഷ് ഓയില്‍ ചില്ലറ വിപണിയില്‍ വിറ്റാല്‍ കോടികള്‍ കീശയിലാക്കാമെന്ന് ഇവര്‍ കരുതി. പൊലീസ് കടത്തുകാരെ പിടികൂടിയതോടെ പണം മുടക്കിയവര്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. പൊലീസ് ഇവരെ പിന്‍തുടരുന്നില്ലെന്ന് മനസിലായതോടെ ഫോണ്‍ ഓണ്‍ ചെയ്തു. പക്ഷേ, ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുപതുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിതെന്ന് പൊലീസ് അറിയിച്ചു. 

MORE IN Kuttapathram
SHOW MORE