ഭാര്യയുടേത് അപകടമരണമെന്ന് ഭർത്താവ്; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് കൊല

noolpuzha-murder-03
SHARE

വയനാട് നൂൽപ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതമാണെന്ന് തെളിഞ്ഞു. അപകടമരണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയാണ് കൊലപാതകം സ്ഥിരീകരിച്ചത്. ചക്കിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ഭർത്താവ് ഗോപിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജൂൺ 19 നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ 65 വയസുള്ള ചക്കി അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടത്. കാട്ടാനയെ പ്രതിരോധിക്കുന്നതിന് വേണ്ടി നിർമ്മിച്ച കിടങ്ങിൽ വീണ് പരുക്കേറ്റാണ്  മരിച്ചതെന്ന് ഭർത്താവ് ഗോപി മറ്റുള്ളവരെ ധരിപ്പിച്ചു. പിന്നാലെ മൃതദേഹം വേഗത്തിൽ അടക്കം ചെയ്തു. എന്നാൽ ചക്കി കൊല്ലപ്പെട്ടതാണെന്ന സംശയം  ശക്തമായി. മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. തുടർന്ന് ബത്തേരി പൊലിസ് കഴിഞ്ഞ ദിവസം ഗോപിയെ  കസ്റ്റഡിയിൽ എടുത്തു.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മോധാവിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. ശാസ്ത്രീയ പരിശോധനയിൽ ചക്കി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. ഗോപിയെ പൊലീസ് വിശദമായി ചോദ്യംചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ചക്കിയെ ഭർത്താവ് മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. വൈകിട്ടോടെ ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

MORE IN Kuttapathram
SHOW MORE