112 കോടിയുടെ ഹെറോയിൻ പിടികൂടി; കേരളത്തിലേക്കടക്കം അന്വേഷണം

heroin-seized-04
SHARE

ബെംഗളുരു റയില്‍വേ സ്റ്റേഷനില്‍ വന്‍ലഹരിമരുന്നു വേട്ട. 12 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി തമിഴ്നാട് സ്വദേശി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ പിടിയിലായി. എത്യോപ്യയില്‍ നിന്ന് എത്തിച്ച ഹെറോയിന്‍ ഡല്‍ഹിക്കു കടത്താനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. രാജ്യാന്തരസംഘമാണു ലഹരിമരുന്നു കടത്തിനു പിന്നിലെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും ഡി.ആര്‍.ഐ. അറിയിച്ചു.

കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വലവിരിച്ചിരുന്ന ഡി.ആര്‍.ഐയുടെ കയ്യിലേക്കാണ് അയാള്‍ ട്രോളി ബാഗുമായി കെ.എസ്.ആര്‍ റയില്‍വേ സ്റ്റേഷനിലെത്തിയത്. ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ കയറാനൊരുങ്ങവേ കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ട്രോളി ബാഗിനകത്ത് അതിവിദഗ്ധമായി തയാറാക്കിയ രഹസ്യ അറയില്‍ 16 കിലോ ഹെറോയിന്‍ കണ്ടെടുത്തു. വിപണയില്‍ 112 കോടി രൂപ വിലവരും പിടികൂടിയ ലഹരിമരുന്നിന്. എത്യോപ്യയിലെ ആഡിസ് അബാബയില്‍ നിന്നു ബെംഗളുരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാള്‍ കസ്റ്റംസ് പരിശോധനകള്‍ എല്ലാം കഴിഞ്ഞാണു പുറത്ത്  എത്തിയത്.

 കേരള–കര്‍ണാടക അതിര്‍ത്തിയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായതെന്നു ഡി.ആര്‍.ഐ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എത്യോപ്യയുടെ ബിസിനസ് വീസയുള്ള ഇയാള്‍ക്കു വന്‍തുകയും വിമാന ടിക്കറ്റും നല്‍കിയാണു ലഹരിമരുന്നു മാഫിയ 'ക്യാരിയറാക്കിയത്'. വിമാനമിറങ്ങിയ ശേഷം ഡല്‍ഹി റയില്‍വേ സ്റ്റേഷനിലെക്കെത്താനായിരുന്നു കിട്ടിയിരുന്ന നിര്‍ദേശം. ഡല്‍ഹിയിലെത്തുമ്പോള്‍ ബന്ധപ്പെടാന്‍ നല്‍കിയ ഫോണ്‍ നമ്പറും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. എത്യോപ്യയിലെ ആഡിസ് അബാബയില്‍ നിന്നെത്തിയ ആഫ്രിക്കന്‍ സ്വദേശിയില്‍ നിന്നു 11കോടിയുടെ കൊക്കൈയിനും പിടികൂടിയിട്ടുണ്ട്. കാപ്്സ്യൂളാക്കി വിഴുങ്ങിയ ലഹരിമരുന്ന് ആശുപത്രിയിലെത്തിച്ചാണു പുറത്തെടുത്ത്. ഇയാളോടും ലഹരിമരുന്നുമായി ഡല്‍ഹിയിലെത്താനാണു ആവശ്യപ്പെട്ടിരുന്നത്. ഇരുസംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് ഡി.ആര്‍. ഐ. 

MORE IN Kuttapathram
SHOW MORE