ഐഐടി പ്രഫസറെന്ന വ്യാജേന ഡോക്ടറെ വിവാഹം ചെയ്ത് തട്ടുകടയുടമ; വൻ സ്ത്രീധനതട്ടിപ്പ്

iit-professor
SHARE

മദ്രാസ് ഐഐടിയിലെ പ്രഫസർ ചമഞ്ഞ് ഡോക്ടറെ വിവാഹം ചെയ്ത തട്ടുകടയുടമ അറസ്റ്റിൽ. ചെന്നൈ അശോക് നഗര്‍ ജാഫര്‍ഖാന്‍പേട്ടയിലെ വി. പ്രഭാകരനാ(34)ണ് അറസ്റ്റിലായത്. 2019-ല്‍ മറ്റൊരുസ്ത്രീയെ പ്രഭാകരന്‍ വിവാഹംചെയ്തിരുന്നു. അതില്‍ ഒരു കുട്ടിയുമുണ്ട്. കടംകയറിയതോടെ കുടുംബത്തിന്റെ അറിവോടെത്തന്നെയാണ് പ്രഭാകരന്‍ രണ്ടാമത് ഡോ. ഷണ്‍മുഖ മയൂരിയെ വിവാഹം കഴിച്ചത്. സ്ത്രീധനം ഉപയോഗിച്ച് കടംവീട്ടാനായിരുന്നു പദ്ധതി.

ഐ.ഐ.ഐടിയിൽ  ബയോകെമിസ്ട്രി വിഭാഗം പ്രൊഫസറാണെന്നാണ് പ്രഭാകരന്‍ മയൂരിയെ അറിയിച്ചത്. മുംബൈയില്‍ താമസിക്കുന്ന മയൂരിയുടെ മാതാപിതാക്കള്‍ കൂടുതലൊന്നും അന്വേഷിക്കാതെ വിവാഹത്തിനു സമ്മതംനല്‍കി. 110 പവന്‍ സ്വര്‍ണവും 15 ലക്ഷം രൂപയുടെ കാറും 20 ലക്ഷം രൂപയുടെ മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമാണ് പ്രഭാകരന് സ്ത്രീധനമായി ലഭിച്ചത്.

വിവാഹശേഷം വീട്ടീൽ ചെലവഴിക്കാതെ ഇറങ്ങിപോകുന്നതിനെ മയൂരി ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇതേ തുടർന്ന് പ്രഭാകരൻ മയൂരിയെ ദേഹോപദ്രവം ചെയ്തു. പ്രഭാകരന്റെയും വീട്ടുകാരുടെയും പെരുമാറ്റത്തിൽ സംശയം തോന്നി ഐഐടിയിൽ നേരിട്ട് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. 

അതിനിടയില്‍ സ്ത്രീധനമായി നല്‍കിയ സ്വര്‍ണം വിറ്റ് പ്രഭാകരന്‍ കടങ്ങള്‍ വീട്ടുകയും വീട് അറ്റകുറ്റപ്പണി നടത്തുകയും തട്ടുകട മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. മയൂരി അശോക് നഗര്‍ വനിതാപോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രഭാകരനെ അറസ്റ്റുചെയ്തു. ആള്‍മാറാട്ടം, സ്ത്രീധനപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

MORE IN Kuttapathram
SHOW MORE