മകളെ പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

rape-revenge
SHARE

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ ഇരയുടെ അച്ഛനും രണ്ടു സഹോദരങ്ങളും ചേര്‍ന്നു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശിയായ ബസ് ഡ്രൈവറാണു പ്രതികാര കൊലയ്ക്കിരയായത്. ബന്ധുവായ16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇയാളെ പുറത്തിറങ്ങിയാലുടന്‍ വെട്ടിക്കൊല്ലുമെന്ന് ഇരയുടെ അച്ഛന്‍ ഭീഷണി മുഴക്കിയിരുന്നു.

തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പാക്കത്തെ സ്വകാര്യ ബസ് ഡ്രൈവറായ മുരുകനാണു കൊല്ലപ്പെട്ടത്. ആറുമാസം മുന്‍പ് ഇയാള്‍ ബന്ധുവായ 16 കാരിയെ പീഡിപ്പിച്ചിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു ക്രൂരത. ഈകേസില്‍  അറസ്റ്റിലായ മുരുകന്‍  ജയിലിലായിരുന്നു. ഭാര്യയുടെ ജാമ്യത്തില്‍ കഴിഞ്ഞ 23നാണു പുറത്തിറങ്ങിയത്. മുരുകന്‍ പുറത്തിറങ്ങുന്നതിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. മകളോടു ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു നാട്ടിലെത്തിയ മുരുകനോട് പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള മാന്തോപ്പിലേക്കു പോയതായിരുന്നു മുരുകന്‍. ഇവിടെ ഒളിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും മുരുകനുമേല്‍ ചാടിവീണു വെട്ടിക്കൊല്ലുകയായിരുന്നു. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ വെട്ടേറ്റു പിടയുന്ന മുരുകനെയാണു കണ്ടത്. 

വൈകാതെ ഇയാള്‍ മരിച്ചു. 

പരസ്യ ഭീഷണിയെ പറ്റി അറിവുണ്ടായിരുന്ന പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെയും രണ്ടു ആണ്‍മക്കളെയും  കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നതു പെണ്‍മക്കളെ  മാനസികമായി തകര്‍ക്കുന്നു എന്നുമായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്റെ കുറ്റസമ്മതം. മൂവരെയും പിന്നീടു റിമാന്‍ഡ് ചെയ്തു ജയിലടച്ചു.

MORE IN Kuttapathram
SHOW MORE