തോക്ക് വാങ്ങാൻ നൽകിയ പണത്തെച്ചൊല്ലി തർക്കം; യുവാവിനെ അടിച്ച് കൊന്നു

attapadi-murder
SHARE

തോക്ക് വാങ്ങാൻ നൽകിയ പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ അട്ടപ്പാടി അഗളിയിൽ സംഘം ചേർന്ന് യുവാവിനെ അടിച്ച് കൊലപ്പെടുത്തി.

കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറാണ് മരിച്ചത്. നന്ദകിഷോറിന് ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി വിനായകനും മർദനത്തിൽ സാരമായി പരുക്കേറ്റു. കേസിൽ പത്തിലധികം പ്രതികളുണ്ടെന്നും ആറുപേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയതായും അഗളി പൊലീസ് അറിയിച്ചു.

അഗളി സ്വദേശി വിപിൻ പ്രസാദ് തോക്ക് വാങ്ങുന്നതിനായി നന്ദകിഷോറിന്റെ സുഹൃത്തായ വിനായകന് ഒരു ലക്ഷം രൂപ നൽകിയിരുന്നു. തോക്ക് കിട്ടാൻ വൈകി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും അവധി പറഞ്ഞ് വൈകിച്ചു. പിന്നാലെയാണ് വിനായകനെയും നന്ദകിഷോറിനെയും വിപിൻ പ്രസാദ് അഗളിയിലേക്ക് വിളിച്ച് വരുത്തിയത്. നരസിമുക്ക് ഇരട്ടക്കുളത്തെ സ്വകാര്യ ഫാമിലെത്തിച്ചു. സുഹൃത്തുക്കളെയും കൂട്ടി ഇരുവരെയും മർദിക്കുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ ആക്രമിച്ചവർ തന്നെയാണ് നരസിമുക്കിലെ സ്വകാര്യ ആശുപത്രിയിൽ നന്ദ കിഷോറിനെയും വിനായകനെയും എത്തിച്ചത്. പിന്നാലെ യുവാക്കൾ മുങ്ങി. നന്ദകിഷോർ ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു. സാരമായി പരുക്കേറ്റ വിനായകനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. വിപിൻ പ്രസാദ്, നാഫി , പ്രവീൺ, രാജീവ്, അഷ്റഫ്, സുനില്‍കുമാര്‍ എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും വടി കൊണ്ടും കായികമായും നേരിട്ടതാണ് യുവാവിന്റെ മരണത്തിന് കാരണമായത്.

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് കൊലപാതകമുണ്ടായ സ്ഥലത്തെത്തി പരിശോധിച്ചു. ആസൂത്രിത കൊലയെന്ന പരാതിയിലും കൂടുതൽ അന്വേഷണമുണ്ടാകുമെന്ന് എസ്.പി അറിയിച്ചു. അറസ്റ്റിലായവരെ ഫാമിലെത്തിച്ച് തെളിവെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു. നന്ദകിഷോറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാളുടെ സഹോദരൻ അഗളിയിലെ ക്ഷേത്രം ജീവനക്കാരനാണ്. ആക്രമിച്ച യുവാക്കളുമായി നന്ദ കിഷോറിന് നേരത്തെ സൗഹൃദമുണ്ടെന്നാണ് വിവരം. തോക്ക് വിൽപ്പനയല്ലാതെ ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പൊലീസ് പരിശോധിക്കും. 

MORE IN Kuttapathram
SHOW MORE