തമിഴ്നാടിനെ ഞെട്ടിച്ചു മൊബൈല്‍ ഫോണ്‍ ടവര്‍ മോഷണം; നഷ്ടമായത് 600 ടവറുകൾ

tower-robbery
SHARE

തമിഴ്നാടിനെ ഞെട്ടിച്ചു മൊബൈല്‍ ഫോണ്‍ ടവര്‍ മോഷണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച 600 ടവറുകളാണ് അജ്ഞാതര്‍ അഴിച്ചെടുത്തു കൊണ്ടുപോയത്. 2018 ല്‍ സര്‍വീസ് അവസാനിപ്പിച്ച കമ്പനിക്കുവേണ്ടി സ്ഥാപിച്ചിരുന്ന ടവറുകളാണു നോട്ടക്കുറവുണ്ടായതോടെ കള്ളന്‍മാര്‍ ചുവടോടെ അടിച്ചുമാറ്റിയത്. ടവറുകളുടെ ഉടമസ്ഥതയുള്ള മുംബൈയിലെ കമ്പനി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ കമ്പനിക്കുവേണ്ടിയായിരുന്നു ടവറുകള്‍ സ്ഥാപിച്ചിരുന്നത് തമിഴ്നാട്ടിൽ മാത്രം ആറായിരത്തോളം ടവറുകളുണ്ടായിരുന്നു. ചെന്നൈ പുരുഷവാക്കത്തുള്ള റീജനൽ ഓഫിസിനായിരുന്നു ചുമതല. മൊബൈൽ ഫോൺ സേവന ദാതാവ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ടവറുകളുടെ പരിപാലനവും  നിരീക്ഷണവും മുടങ്ങി.  പിന്നാലെ കോവിഡ് അടക്കമുള്ള പ്രശ്നങ്ങളുണ്ടായതോടെ ടവറുകളുടെ നേരിട്ടുള്ള പരിശോധനയും നിലച്ചു.  ദിവസങ്ങൾക്കു മുൻപു  ടവറുകളുടെയും കണക്കെടുത്തപ്പോഴാണ് മോഷണം വ്യക്തമായത്. അധികം ആൾതാമസമില്ലാത്ത പ്രദശങ്ങളുണ്ടായിരുന്ന ടവറുകളാണ് അഴിച്ചെടുത്തു കൊണ്ടു പോയത്. 

ഓരോ ടവറിനും 25 മുതൽ 40 ലക്ഷം വരെ ചെലവുണ്ടെന്നും  മോഷണം വഴി 100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും കമ്പനി നൽകിയ പരാതിയിൽ പറയുന്നു. ടവറുകളിൽ വൈദ്യുതി ഉറപ്പാക്കാൻ സ്ഥാപിച്ച ജനറേറ്ററുകൾ ഉൾപ്പെടെ അഴിച്ചെടുത്തു കൊണ്ടുപോയിട്ടുണ്ട്.  പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം വിപുലപ്പെടുത്താനാണു തമിഴ്നാട് പൊലീസിന്റെ തീരുമാനം. 

MORE IN Kuttapathram
SHOW MORE