തുണി വ്യാപാരിയെന്ന് പ്രചരിപ്പിച്ച് കഞ്ചാവ് വിൽപന; കൊല്ലം സ്വദേശി അറസ്റ്റിൽ

ganja-case-pkd
SHARE

തുണി വ്യാപാരിയെന്ന് നാട്ടിൽ പ്രചരിപ്പിച്ച് വൻ തോതിൽ കഞ്ചാവെത്തിച്ച് വിൽപന നടത്തിയിരുന്ന കൊല്ലം സ്വദേശി പാലക്കാട് അറസ്റ്റിൽ. പന്ത്രണ്ടരക്കിലോ കഞ്ചാവുമായി  കേരളപുരം സ്വദേശി  അബ്ദുൽ ഹബീദാണ് ട്രെയിനിലെ പരിശോധന കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒലവക്കോട് സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. പരിശോധനയ്ക്കിടെ രക്ഷപ്പെട്ട ഇയാളുടെ സുഹൃത്തുക്കളും കഞ്ചാവ് കടത്തിൽ പങ്കാളികളുമായ രണ്ട് രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കായി അന്വേഷണം തുടങ്ങി.

മുന്തിയ വസ്ത്രശാലകളിൽ മൊത്തവിലയിൽ വസ്ത്രമെത്തിക്കണം. നല്ല ലാഭം കിട്ടും. കേരളത്തിലെ വിവിധ ജില്ലകളിൽ മുടങ്ങാതെ ലോഡെത്തിക്കണം. ഇതര സംസ്ഥാനങ്ങളിലേക്ക് പതിവായുള്ള യാത്രയെക്കുറിച്ച് ചോദിക്കുന്നവരോട് അബ്ദുൽ ഹബീദ് പറഞ്ഞ മറുപടിയായിരുന്നു ഇത്. എന്നാൽ തുണിയല്ല അതിനപ്പുറം തുണിക്കെട്ടെന്ന് തോന്നിക്കുന്ന മട്ടിൽ ബാഗിലൊളിപ്പിക്കുന്ന കഞ്ചാവ് സുരക്ഷിതമായി കൊല്ലത്ത് എത്തിക്കുകയായിരുന്നു ഇയാളുടെ രീതി. പതിവ് ഇടപാടുകാർക്ക് വലിയ ലാഭത്തിന് കൈമാറി വീണ്ടും കച്ചവടത്തിന് തയാറെടുക്കും. 

ഇത്തവണ സുഹൃത്തുക്കളായ രണ്ട് രാഷ്ട്രീയ പ്രവർത്തകരെയും കൂട്ടി വിശാഖപട്ടണത്തേക്ക് പോയതും കഞ്ചാവ് കടത്തുക ലക്ഷ്യമിട്ടായിരുന്നു. മടങ്ങുന്നതിനിടെയായിരുന്നു ട്രെയിനിൽ ആർ പി എഫ് ക്രൈം ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന ശ്രദ്ധയിൽപ്പെട്ടത്. രക്ഷപ്പെടാനായി പ്ലാറ്റ്ഫോമിൽ ഇറങ്ങി ഓടാൻ തുടങ്ങി. അബ്ദുൽ ഹബീദിനെക്കാൾ വേഗതയിൽ ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നാട്ടുകാരോട് പറഞ്ഞ കള്ളം ഉദ്യോഗസ്ഥരോടും ആവർത്തിച്ചെങ്കിലും ബാഗിൽ തുണിയല്ല കഞ്ചാവെന്ന് തിരിച്ചറിയാൻ അധിക സമയം വേണ്ടി വന്നില്ല. കടത്തിൽ സുഹൃത്തുക്കളായ രണ്ട് രാഷ്ട്രീയ പ്രവർത്തകർക്കും പങ്കുണ്ടെന്നും ഇവർ ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെട്ടെന്നും അബ്ദുൽ ഹബീദ് മൊഴി നൽകി. 

വിദേശത്ത് മികച്ച ജോലിയുണ്ടായിരുന്ന ആളാണ് ഹബീദ്. അഞ്ച് വർഷം മുൻപ് പ്രവാസ ജീവിതം ഒഴിവാക്കി നാട്ടിലെത്തി. എങ്ങനെയെങ്കിലും വേഗത്തിൽ പണക്കാരനാകണം എന്നതായിരുന്നു ചിന്ത. പലതരത്തിലുള്ള തട്ടിപ്പ് പണികൾ ചെയ്തു. പിന്നീടാണ് തുണിക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കടത്തിനിറങ്ങിയത്. നിരവധി തട്ടിപ്പുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകൾ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അബ്ദുൽ ഹബീദിന്റെ രക്ഷപ്പെട്ട രാഷ്ട്രീയ സുഹൃത്തുക്കൾക്കായി പൊലീസിന്റെ സഹായത്തോടെ എക്‌സൈസ് അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE