റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടത് വൻ വീഴ്ച; 3 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

accused-escape-4
SHARE

കാസർകോട്, നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ആലംപാടി സ്വദേശി അമീർ അലിയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. റിമാൻഡ് പ്രതിയെ കൈകാര്യംചെയ്യുന്നതിലെ ഗുരുതര വീഴ്ചയിൽ കണ്ണൂർ എആർ ക്യാംപിലെ എസ്ഐ അടക്കം മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. 

23 വയസ്സിനിടെ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളിൽ പ്രതിയാണ് അമീർ അലി. രാവിലെ ഒൻപതേമുക്കാലിനാണ് കാസർകോട് വിദ്യാനഗറിലെ ബി.സി. റോഡ് ജംക്‌ഷനിൽവച്ച് അമീർ അലി രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മറ്റൊരു കേസിൽ കാസർകോട് ജില്ലാ കോടതിയിൽ ഹാജരാക്കാനാണ് ഇയാളെ കാസർകോട് എത്തിച്ചത്. കെഎസ്ആർടിസി ബസിൽ വന്നിറങ്ങിയ ഉടൻ അമീർ അലി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. കടയിൽ പോയി വെള്ളം വാങ്ങിയ പൊലീസ് അമീറിന്റെ ആവശ്യപ്രകാരം  കുടിക്കാനുള്ള എളുപ്പത്തിനായി വിലങ്ങ് അഴിച്ചു. ഇത് മുതലാക്കി പ്രതി ഓടി. കാസർകോട്ടേ പ്രധാന പാതകളും ഊടുവഴികളും കൃത്യമായി അറിയാവുന്ന അമീർ അലിയുടെ പുറകെ ഓടാൻ പക്ഷേ, കണ്ണൂരിൽനിന്ന് വന്ന പൊലീസിന് ഒരു പരിധിക്കപ്പുറം സാധിച്ചില്ല. 

ദിശ പോലും മനസ്സിലാക്കാൻ സാധിക്കാതയതോടെ കാസർകോട്ടേ പൊലീസ് അരിച്ചുപെറുക്കിയിട്ടും ഇതുവരെ അമീറിനെ കണ്ടെത്താനായില്ല. അകമ്പടിയായി ഉണ്ടായിരുന്ന പൊലീസുകാരുടെത് ഗുരുതര വീഴ്ചയായി കണക്കാക്കി. തുടർന്ന് കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ എഐ ആർ ക്യാപ് എസ്ഐ സജീവൻ, സിപിഒമാരായ ജസീർ, അരുൺ എന്നിവർക്കെതിരെയാണ് നടപടി. ലഹരി കടത്തിലെ പ്രധാന കണ്ണിയും അടിപിടി-പിടിച്ചുപറി ഉൾപ്പെടെ പല കേസുകളിലായി കാസർകോട് പൊലീസിന് നിരന്തര തലവേദനയുമായിരുന്നു. കാപ്പ ചുമത്താനുള്ള ശ്രമങ്ങളും അവസാനഘട്ടത്തിൽ ആയിരുന്നു.

MORE IN Kuttapathram
SHOW MORE