മദ്യപാനം ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല; പിതാവ് 2 പെണ്‍മക്കളെ തല്ലിക്കൊന്നു

kanchipuram-murder-2
SHARE

തമിഴ്നാട് കാഞ്ചിപുരത്ത് മദ്യപാനത്തെ ചോദ്യം ചെയ്തതിനു യുവാവ് രണ്ടുപെണ്‍മക്കളെ തല്ലിക്കൊന്നു. കാഞ്ചിപുരം ചിന്നമധുരപാക്കത്താണു ദാരുണസംഭവം. സ്ഥിരം മദ്യപാനിയായ ഗോവിന്ദരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ മദ്യപാനത്തില്‍ മനം നൊന്ത് ഇയാളുടെ മൂത്തമകള്‍ രണ്ടാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു.

കാഞ്ചിപുരം ജില്ലയിലെ ഗോവിന്ദരാജെന്ന 40കാരന്റെ ക്രൂരതയില്‍ കരയുകയാണു തമിഴകം. ചിന്നമധുരപാക്കം സ്വദേശി ഗോവിന്ദരാജിനു പ്രത്യേകിച്ചു ജോലിയൊന്നുമില്ല. ഭാര്യകൂലിപണിക്കുപോയാണു നാലുപെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. രാപകല്‍ വിത്യാസമില്ലാതെ മദ്യത്തിന് അടിമയായിരുന്ന ഗോവിന്ദരാജിന്റെ സ്വഭാവത്തെ മക്കളും ഭാര്യയും എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ വീട്ടില്‍ വഴക്കു പതിവായിരുന്നു. പ്ലസ്ടു വിദ്യാര്‍ഥിനിയായ നന്ദിനിയും ആറാം ക്ലാസുകാരിയ ദീപയും ഇന്നലെ സ്കൂള്‍ വിട്ടെത്തിയപ്പോള്‍ കണ്ടതു വീട്ടിലിരുന്നു മദ്യപിക്കുന്ന അച്ഛനെയാണ്. ഇരുവരും അച്ഛന്റെ സ്വഭാവത്തെ ചോദ്യം ചെയ്തത്, ഗോവിന്ദരാജിന് ഇഷ്ടമായില്ല.  മുറ്റത്തുകിടന്നിരുന്ന വിറകു കഷ്ണമെടുത്ത് ഇയാള്‍ മക്കളെ ആക്രമിച്ചു. 

തലക്കടിയേറ്റു നിലത്തുവീണ പെണ്‍മക്കളെ ഗോവിന്ദരാജു വീടിനുള്ളിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ആക്രമണം തുടര്‍ന്നു. ചലനമറ്റതോടെ വീട് അകത്തുനിന്നുപൂട്ടിയ ഗോവിന്ദരാജ് മക്കളുടെ അടുത്തിരുന്നു വീണ്ടും മദ്യപിച്ചു. മറ്റൊരു മകള്‍ ദീന സ്കൂള്‍ വിട്ടെത്തിയപ്പോള്‍ വീട് പൂട്ടിയിരിക്കുന്നതു കണ്ട് അയല്‍വാസികളെ വിവരമറിയിച്ചതോടെയാണു ഇരട്ടക്കൊലപാതകം പുറം ലോകം അറിയുന്നത്. വീടു തള്ളിതുറക്കുന്നതു മനസിലാക്കി ഓടിരക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാടുകാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഇവരുടെ 18 വയസുള്ള മൂത്തമകള്‍ മകള്‍ അച്ഛന്റെ മദ്യപാനത്തിലും വഴക്കിലും മനംനൊന്തു കഴിഞ്ഞ നാലിനു സ്വയം തീകൊളുത്തി മരിച്ചിരുന്നു. 

MORE IN Kuttapathram
SHOW MORE