ജാതിമാറി വിവാഹം: വീണ്ടും ദുരഭിമാനക്കൊല; യുവാവിനെ മാര്‍ക്കറ്റിലിട്ട് കുത്തിക്കൊന്നു

hydarabad-honour-killing-3
SHARE

ഹൈദരാബാദ് നഗരത്തില്‍ വീണ്ടും ദുരഭിമാനക്കൊല. ജാതിമാറി വിവാഹം കഴിച്ച യുവാവിനെ ജനനിബിഡമായ മല്‍സ്യ മാര്‍ക്കറ്റിലിട്ട് ഒരുസംഘം കുത്തിക്കൊന്നു. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി.രണ്ടാഴ്ചക്കിടെ നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണ് ഇന്നലത്തേത്. തിരക്കേറിയ ബീഗം ബസാര്‍ മല്‍സ്യമാര്‍ക്കറ്റില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴരക്കാണു കൊലപാതകം. അച്ഛനൊപ്പം ബൈക്കില്‍പോകുകയായിരുന്ന നീരജ് പന്‍വറെന്ന 22കാരനെയാണു ഒരുസംഘം കുത്തിവീഴ്ത്തിയത്. ഒന്നരകൊല്ലം മുന്‍പ് സഞ്ജനയെന്ന പെണ്‍കുട്ടിയെ നീരജ് പെണ്‍വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നു വിവാഹം കഴിച്ചിരുന്നു. യാദവ ജാതിയില്‍പെട്ട സഞ്ജനയുമൊന്നിച്ചു താമസം തുടങ്ങിയതിനു പിറകെ നീരജിനു ഭീഷണികളുണ്ടായിരുന്നു. ഇന്നലെ അച്ഛനോടപ്പം പോകുമ്പോള്‍ രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കുത്തേറ്റു നിലത്തുവീണ നീരജിനെ പാറക്കല്ലുകൊണ്ട് ആക്രമിച്ചു മരണം ഉറപ്പാക്കിയതിനുശേഷമാണു സംഘം മടങ്ങിയത്. തന്റെ ബന്ധുക്കളാണു ആക്രമിച്ചതെന്നു സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടതിനുശേഷം നീരജിന്റെ ഭാര്യ പൊലീസിനോടു പറഞ്ഞു. മരണവിവരമറിഞ്ഞതോടെ നൂറുകണക്കിനുപേര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചു.

രണ്ടാഴ്ചക്കുള്ളില്‍ ഹൈദരാബാദ് നഗരത്തില്‍ നടക്കുന്ന രണ്ടാമത്തെ ദുരഭിമാനക്കൊലയാണു നീരജിന്റേത്.  മുസ്്ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനു ദളിതനായ നാഗരാജുവെന്ന യുവാവിനെ കഴിഞ്ഞ 12നു പെണ്‍കുട്ടിയുടെ സഹോദരനും മറ്റൊരാളും  ജനം നോക്കിനില്‍ക്കെ വെട്ടിക്കൊന്നിരുന്നു. 

MORE IN Kuttapathram
SHOW MORE