കൊടിയത്തൂര്‍ ഗ്രാമീണബാങ്കിലെ ജീവനക്കാരൻ ട്രെയിന്‍തട്ടി മരിച്ചു

kodiyathurbankdeath1
SHARE

മുക്കുപണ്ട പണയ തട്ടിപ്പുണ്ടായ കോഴിക്കോട് കൊടിയത്തൂര്‍ ഗ്രാമീണബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായ മോഹന്‍ദാസ് ട്രെയിന്‍തട്ടി മരിച്ചു. ബാങ്കില്‍ പണയം വയ്ക്കാന്‍ കൊണ്ടുവരുന്ന സ്വര്‍ണത്തിന്റ പരിശുദ്ധി പരിശോധിച്ചിരുന്നത് മോഹന്‍ദാസായിരുന്നു. കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ബാങ്കിലെ ജോലിയില്‍ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. കോഴിക്കോട് നഗരത്തില്‍ ക്രൗണ്‍ തീയേറ്ററിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഇരുകൈകളും അറ്റ നിലയിലാണ് മോഹന്‍ദാസിനെ സമീപവാസികള്‍ കാണുന്നത്. ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒന്നരയോടെ മരിച്ചു 

കൊടിയത്തൂര്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച്  27 ലക്ഷം രൂപ തട്ടിയെടുത്തതായി അടുത്തിടെ കണ്ടെത്തിയിരുന്നു. ദളിത് കോണ്‍ഗ്രസ് ജില്ലാ െസക്രട്ടറി വിഷ്ണു, മാട്ടുമുറി സ്വദേശി സന്തോഷ് കുമാര്‍, ഭാര്യ ഷൈനി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവും കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് ഒളിവിലാണ്. സ്വര്‍ണത്തിന്റ പരിശുദ്ധി പരിശോധിച്ചത് മോഹന്‍ദാസായിരുന്നെങ്കിലും പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയോ പ്രതിയാക്കുകയോ ചെയ്തിട്ടില്ല. അതേസമയം ഇയാള്‍ക്കും പങ്കുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.ഇതോടെ ബാങ്ക് ജോലിയില്‍ നിന്ന് ഒഴിവാക്കി. ഇതിന്റ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണോയെന്നും സംശയിക്കുന്നുണ്ട്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE