യുഇഐഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; പരാതിയുമായി ഉദ്യോഗാർഥികൾ

united-electrical-05
SHARE

പൊതുമേഖലാ സ്ഥാപനമായ കൊല്ലം പള്ളിമുക്ക് യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ജോലി നൽകാമെന്ന പേരിൽ പണം വാങ്ങി തട്ടിപ്പ്. എന്നാൽ ഈ സംഭവത്തിന് സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. വ്യാജനിയമന ഉത്തരവ് നൽകിയാണ് ഉദ്യോഗാർഥികളെ കബളിപ്പിച്ചത്. ജോലി ശരിയാക്കി നൽകാമെന്ന പേരിൽ പണം വാങ്ങി എന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്ന ഹരിപ്പാട് സ്വദേശി സുബ്രഹ്മണ്യന് എതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ഇന്നലെ ‌ഹരിപ്പാടിനു സമീപം ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഇയാളെയാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പു നടത്തിയത് ശ്രദ്ധയിൽപ്പെട്ടയുടൻ അധികൃതർ സിറ്റി പൊലീസ് കമ്മിഷണർക്കും ഇരവിപുരം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. തങ്ങളും പൊലീസിൽ പരാതി നൽകുമെന്ന് ഇന്നലെയെത്തിയ 2 ഉദ്യോഗാർഥികളും അറിയിച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരാണ് ‌തട്ടിപ്പിന് ഇരയായിട്ടുള്ളത്. ആലപ്പുഴ കൈചൂണ്ടി മുക്ക് സ്വദേശിയായ യുവതി, മുഹമ്മ സ്വദേശിയായ യുവാവ് എന്നിവരാണ് ഇന്നലെ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ എത്തിയത്. ഓഫിസ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ പക്കൽ നിന്ന് 30,000 രൂപയും പ്യൂൺ ജോലിക്കായി യുവാവിൽ നിന്ന് 25,000 രൂപയും വാങ്ങിയതായി ഇവർ പറയുന്നു. പണം നൽകിയിട്ടും ജോലി ലഭിക്കാത്തതിൽ പരാതി പറയുമ്പോഴെല്ലാം ഓരോ നിയമന ഉത്തരവ് നൽകുകയും പിന്നീട് തീയതി മാറ്റിവച്ചെന്ന് അറിയിക്കുകയുമാണ് പതിവെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഇത്തരത്തിൽ നാല് നിയമന ഉത്തരവുകൾ ഇവർക്ക് ലഭിച്ചിരുന്നു. കായംകുളം എൻടിപിസിയിലെ ജീവനക്കാരനാണെന്നാണ് പണം വാങ്ങിയയാൾ സ്വയം പരിചയപ്പെടുത്തിയതെന്നും എൻടിപിസിയിൽ ജോലി നൽകാമെന്ന പേരിൽ തങ്ങളുടെ പരിചയക്കാരിൽ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു.

MORE IN Kuttapathram
SHOW MORE