ഒന്നരമാസം മുൻപത്തെ അപകടം; മിനിലോറി തമിഴ്നാട്ടിൽ നിന്നും പൊക്കി പൊലീസ്; അറസ്റ്റ്

Mini-pickup-accident
SHARE

ദേശീയപാതയിൽ പാലക്കാട് മണ്ണാർക്കാട്  എംഇഎസ് കോളജിനു സമീപം ബൈക്കിലിടിച്ച് നിർത്താതെ പോയ മിനി ലോറി ഒന്നര മാസത്തിനു ശേഷം തമിഴ്നാട്ടിൽ നിന്ന് പൊലീസ് പിടികൂടി.  ഡ്രൈവറായ കോയമ്പത്തൂർ സ്വദേശി അണ്ണാദുരൈയെ അറസ്റ്റ് ചെയ്തു. അപകടത്തിൽ പാലക്കാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു.

മാർച്ച് 28 ന് രാത്രിയിലാണ് മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് പരിസരത്ത് ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ പാലക്കാട് കല്ലേപ്പുള്ളി കുഴിയക്കാട് ശരത്  മരിച്ചത്. ഇരുപത് വയസായിരുന്നു. ബൈക്കിലിടിച്ച വാഹനം നിർത്താതെ പോയതിനാൽ ഈ വാഹനത്തെ കുറിച്ച് യാതൊരു തുമ്പുമുണ്ടായിരുന്നില്ല. 

മണ്ണാർക്കാട് പോലീസ്  സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ നിന്ന് വാഹനത്തിന്റെ വ്യക്തമല്ലാത്ത ഒരുവശത്തെ ചിത്രം ശേഖരിച്ചു. അപകടമുണ്ടായ സമയം കണക്കാക്കി അൻപത് സിസിടിവികൾ പരിശോധിച്ചു. അവസാനം വാളയാർ ചെക്പോസ്റ്റിൽ നിന്ന് വാഹനത്തെ തിരിച്ചറിഞ്ഞു. തുടർന്നു നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂർ സത്യമംഗലം കടമ്പൂർ ചിന്നശക്തിയിൽ അണ്ണാദുരൈയെ മണ്ണാർക്കാട് പൊലീസ് നാട്ടിലെത്തി അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തു.

അപകട വിവരം അറിഞ്ഞിരുന്നില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതിഷേധം ഭയന്നാണ് വാഹനവുമായി രക്ഷപ്പെട്ടതെന്ന് വ്യക്തമാക്കി. അണ്ണാദുരൈയെ കോടതിയിൽ ഹാജരാക്കി.

MORE IN Kuttapathram
SHOW MORE