പാലക്കാട് ഇരട്ടക്കൊലക്കേസ്; വിധി പറയുക തിങ്കളാഴ്ച

palakakd
SHARE

പാലക്കാട് കല്ലാംകുഴി ഇരട്ടക്കൊലക്കേസിന്റെ വിധി പറയുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കാഞ്ഞിരപ്പുഴ കല്ലാംകുഴി പള്ളത്ത് ഹംസ, സഹോദരൻ നൂറുദ്ദീൻ എന്നിവർ കൊല്ലപ്പെട്ട കേസിലാണ് വിധി പറയുന്നത് പാലക്കാട് കോടതി നീട്ടിയത്. ഇരുപത്തി അഞ്ച് പ്രതികളും നേരത്തെ കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും പ്രതിഭാഗത്തിനും വാദിഭാഗത്തിനും വീണ്ടും നിലപാടറിയിക്കാൻ കോടതി അവസരം നൽകി.

വിശദമായ വാദത്തിന് ശേഷം ബുധനാഴ്ചയാണ് കേസിലെ 25 പ്രതികളും കുറ്റക്കാരെന്ന് വിധിച്ചത്. പതിമൂന്നിന് ശിക്ഷാവിധിയെന്നും കോടതി ഉത്തരവിട്ടു. ശിക്ഷാവിധിക്കായി കോടതി ചേർന്നപ്പോഴാണ് കുറച്ച് വസ്തുതകൾ കൂടി അറിയിക്കാനുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയത്. കോടതി ആവശ്യം അംഗീകരിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. രാഷ്ട്രീയ കൊലപാതകമല്ലെന്നും സംഘർഷത്തിനിടയിൽ സംഭവിച്ചതാണെന്നും വാദിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടും കുടുംബത്തിന് മറ്റാരും ആശ്രയമില്ലെന്നുമായിരുന്നു പ്രതികളിൽ ഭൂരിഭാഗവും കോടതിയെ ബോധിപ്പിച്ചത്. ഇതൊന്നും ചെയ്ത കുറ്റത്തിന്റെ തീവ്രത കുറയ്ക്കില്ലെന്ന് വാദിഭാഗം പറഞ്ഞു. സമാനതകളില്ലാത്ത തെറ്റാണ് പ്രതികൾ ചെയ്തതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ആവർത്തിച്ചു.

2013 നവംബർ 21 ന് ലീഗ് പ്രവർത്തകർ ഉൾപ്പെടെയുള്ള സംഘം ഇരുവരെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ്  കണ്ടെത്തൽ. സമാന നിഗമനത്തിലേക്കാണ് കോടതിയുമെത്തിയത്. പ്രാദേശിക രാഷ്ട്രീയ തർക്കം. പള്ളി കേന്ദ്രീകരിച്ചുള്ള സംഘടനാ പ്രവർത്തനം തടഞ്ഞത് തുടങ്ങിയ കാര്യങ്ങളാണ് കൊലയ്ക്ക് കാരണമായിപ്പറഞ്ഞത്.

സാക്ഷി മൊഴിയും തെളിവുകളും ഇതെല്ലാം ശരിവയ്ക്കുന്നതാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാനും കഴിഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയ ഇരുപത്തി അഞ്ചു പേരിൽ ഭൂരിഭാഗവും ലീഗ് ഭാരവാഹികളോ പ്രവർത്തകരോ ആണ്. 

MORE IN Kuttapathram
SHOW MORE