കരിപ്പൂരിൽ സ്വർണകടത്തു സംഘം പിടിയിൽ; നാല് സ്വർണ ഉരുളകളും രണ്ടു ലക്ഷവും കണ്ടെടുത്തു

goldkaripur
SHARE

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്തു സംഘത്തെ പൊലീസ് ഒാടിച്ചിട്ടു പിടികൂടി. വിമാനമിറങ്ങിയ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ തൂക്കത്തില്‍ നാലു സ്വര്‍ണ്ണ ഉരുളകളും ഒപ്പമുണ്ടായിരുന്ന സംഘത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലിനു മുന്‍പില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച് മണിക്കൂറുകള്‍ക്കുളളിലാണ് സ്വര്‍ണ്ണക്കടത്തു സംഘം പൊലീസിന്‍റെ വലയിലായത്. 

പുലര്‍ച്ചെ രണ്ടരയ്ക്ക് അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരന്‍ പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു നാടകീയ രംഗങ്ങള്‍. പുറത്തു കാത്തു നിന്നു കൊടുവളളിയില്‍ നിന്നുളള സംഘവും കാരിയറും തമ്മിലുളള പിടിവലി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഡ്യൂട്ടിയിലുളള പൊലീസ് ഉദ്യോഗസ്ഥര്‍ അടുത്തെത്തിയത്. പൊലീസ് അടുത്തു വന്നതോടെ സ്വര്‍ണ്ണക്കടത്തുസംഘം ഒാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിമാനമിറങ്ങിയ കാരിയര്‍ അടക്കം മൂന്നു പേരെ പിടികൂടി. 4 പേര്‍ ഒാടി രക്ഷപ്പെട്ടു. കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ കാരിയര്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ചു കടത്തിയത് 4 സ്വര്‍ണ്ണ ഉരുളകള്‍.

വിമാനമിറങ്ങിയ കാരിയര്‍ തിരൂര്‍ സ്വദേശി ഷാക്കിബ്, കൂട്ടിക്കൊണ്ടു പോകാനെത്തിയ കോഴിക്കോട് കൊടുവളളി സ്വദേശികളായ കൈതപ്പൊയില്‍ വി.കെ. റഫീഖ്, കെ.കെ. നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. രാജ്യാന്തര ടെര്‍മിനലിന് പുറത്ത് വെളളിയാഴ്ചയാണ് പൊലീസ് എയ്ഡ് പോസ്റ്റ് ആന്‍ഡ് ഹെല്‍പ് ഡസ്ക്ക് ആരംഭിച്ചത്. 

MORE IN Kuttapathram
SHOW MORE