പ്രസവത്തിനു പിന്നാലെ കുട്ടികൾ മരിച്ചു; വാഗ്ദാനം ചെയ്ത പണം നൽകിയില്ല; പരാതിയുമായി യുവതി

tamilnadu-case
SHARE

പ്രസവത്തിനു പിന്നാലെ ഇരട്ടക്കുട്ടികൾ മരിച്ചതിനാൽ വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്നു വാടകഗർഭം ധരിച്ച യുവതിയുടെ പരാതി. ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കാണു നഗരത്തിലെ പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കിനെതിരെ യുവതി പരാതി നൽകിയത്. ഇരട്ടക്കുട്ടികളുടെ ജനന മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വിഡിയോ റിപ്പോർട്ട് കാണാം. 

തിരുെവള്ളൂര്‍ നമിലിച്ചേരി സ്വദേശിയായ 24കാരിയാണു അപൂര്‍വ പരാതിയുമായി ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. ദാരിദ്യം കാരണമാണ്, രണ്ടു കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ യുവതി വാടക ഗര്‍ഭ ധാരണത്തിനു സമ്മതം മൂളിയത്. സുഹൃത്തു വഴി ചെന്നൈ നെല്‍സണ്‍ മാണിക്യം റോഡിലെ ക്ലിനിക്കിലെത്തിയാണു കരാര്‍ ഒപ്പിട്ടത്. ഒരാണ്‍കുട്ടിയെ ഉദരത്തില്‍ വഹിക്കുന്നതിന് നാലു ലക്ഷം രൂപയാണു വാഗ്ദാനം നല്‍കിയിരുന്നത്. ഇരട്ടകളാണെങ്കില്‍ അഞ്ചുലക്ഷവും. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രിലില്‍ കൃത്രിമ ബീജ സംഖലനം വഴി ഇരട്ടകളെ യുവതി ഉദരത്തില്‍ സ്വീകരിച്ചു. ക്ലിനിക്കില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കഴിഞ്ഞ മൂന്നിന് യുവതി മാസം തികയാതെ പ്രസവിച്ചു. പ്രസവശേഷം കുട്ടികളെ കാണാന്‍ പോലും അനുവദിച്ചില്ല. ചികില്‍സ പൂര്‍ത്തിയായതോടെ യുവതിയെ ക്ലിനിക്ക് അധികൃതര്‍ വീട്ടിലേക്കു മടക്കിയയച്ചു. എന്നാല്‍ വാഗ്ദാനം നല്‍കിയ അഞ്ചുലക്ഷത്തിനു പകരം പതിനായിരം രൂപ മാത്രമാണു നല്‍കിയത്. ഇതു ചോദ്യം ചെയ്താണു യുവതി പൊലീസിനെ സമീപിച്ചത്. 

എന്നാല്‍ യുവതി പ്രസവിച്ച കുട്ടികള്‍ തൊട്ടടുത്ത ദിവസം തന്നെ മരിച്ചുപോയെന്നും ഇതിനാല്‍ പണം നല്‍കാനാവില്ലെന്നുമാണ് ക്ലിനിക്കിന്റെ നിലപാട്. പരാതിയുടെ അടിസ്ഥാനത്തില്‍ അമിഞ്ചിക്കര പൊലീസ് അന്വേഷണം തുടങ്ങി. ഇരട്ടകുട്ടികള്‍ യഥാര്‍ഥത്തില്‍ മരിച്ചിട്ടുണ്ടോയെന്നാണു പൊലീസ് പ്രധാനമായും തിരക്കുന്നത്. ക്ലിനിക്കും യുവതിയും തമ്മിലുണ്ടാക്കിയ കരാര്‍ പൊലീസ് പിടിച്ചെടുത്തു.

MORE IN Kuttapathram
SHOW MORE