ചത്തുപോകും. അടി നിർത്താമെന്നു പറഞ്ഞെങ്കിലും ജോമോൻ സമ്മതിച്ചില്ല; പ്രതികളുടെ വാദം

shan-babu
SHARE

യുവാവിനെ തല്ലിക്കൊന്നു പൊലീസ് സ്റ്റേഷനിലിട്ട സംഭവത്തിൽ ഗുണ്ടാസംഘാംഗങ്ങളായ 5 പേരെ പൊലീസ് റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട യുവാവ് ഉൾപ്പെട്ട സംഘത്തിന്റെ നേതാവായ ശരത് പി.രാജിനായി പൊലീസ് തിരച്ചിൽ തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ കീഴ്ക്കുന്ന് ഉറുമ്പേത്ത് വീട്ടിൽ ഷാൻ ബാബു(19)വിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ജോമോൻ കെ.ജോസഫ് (38), കെ.ബിനുമോൻ, ലുതീഷ് (28), സുധീഷ് (21), കിരൺ (23) എന്നിവരാണു റിമാൻഡിൽ. 5 പേർക്കും കൊലപാതകത്തിൽ തുല്യപങ്കാണെന്നും അതിനാൽ കൊലക്കുറ്റം ചുമത്തുമെന്നും ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ പറഞ്ഞു.

വൈദ്യപരിശോധനയ്ക്കു ശേഷം ലുതീഷ്, സുധീഷ് എന്നിവരുമായി കൊല നടന്ന മാങ്ങാനത്തെ ഒഴിഞ്ഞ പറമ്പിലെത്തി പൊലീസ് തെളിവെടുത്തു. കൊല നടത്തിയ രീതി ഇരുവരും വിശദീകരിച്ചു. ‘ഷാനെ കൊണ്ടുവന്നു വിവസ്ത്രനാക്കി മതിലിൽ ചാരിനിർത്തി മർദിച്ചു. ഇടയ്ക്കു ഷാന്റെ ശ്വാസം നിലച്ചുപോയി. ഈ സമയം നെഞ്ചിൽ ഇടിച്ചപ്പോൾ ശ്വാസം വീണ്ടും വന്നു. ഷാൻ ചത്തുപോകും. അടി നിർത്താം, ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറഞ്ഞെങ്കിലും ജോമോൻ സമ്മതിച്ചില്ല. തുടർന്നു തർക്കമായി. ഷാനിനെ ജോമോൻ ചുമന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടിട്ടു’– ലുതീഷും സുധീഷും പൊലീസിനോടു പറഞ്ഞു.

കുടിപ്പക, അല്ലെങ്കിൽ കഞ്ചാവുതർക്കം

കൊലപാതകത്തിനു പിന്നിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയോ കഞ്ചാവു വിതരണത്തിലെ തർക്കമോയെന്നു സംശയം. കൂടുതൽ വ്യക്തതയ്ക്കു വേണ്ടിയാണ് എതിർസംഘത്തിന്റെ നേതാവ് ശരത് പി.രാജിനെ (സൂര്യൻ) കസ്റ്റഡിയിൽ എടുക്കുന്നത്. ശരത്തിന്റെയും ലുതീഷിന്റെയും സംഘങ്ങളാണു ജില്ലയിൽ കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതെന്നാണു സൂചന. കഞ്ചാവു കടത്തുമ്പോൾ ഷാൻ ബാബുവിനെ പിടിച്ചിട്ടുണ്ട്.

ഒക്ടോബറിൽ തൃശൂരിൽ സൂര്യന്റെ സംഘം ലുതീഷിനെ മർദിച്ചിരുന്നു. ഇരുകൂട്ടരും ഒരുമിച്ചാണ് അതുവരെ പ്രവർത്തിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് മണർകാട്ടെ തട്ടുകടയിൽ സൂര്യന്റെ സംഘത്തിലെ യുവാവിനെ ജോമോനും ലുതീഷും മർദിച്ചു. ആ യുവാവാണു സൂര്യനും ഷാനും കൊടൈക്കനാലിൽ പോയ കാര്യം പറഞ്ഞത്. ഇതോടെയാണു സംഘം സൂര്യനെ പിടിക്കാൻ വേണ്ടി ഷാനിനെ തട്ടിക്കൊണ്ടുപോയത്.

രാഷ്ട്രീയമെന്ത്?

കെ.ഡി.ജോമോന് (ജോമോൻ കെ. ജോസഫ്) സിപിഎമ്മുമായി അടുത്ത ബന്ധമുണ്ട്. ജോമോന്റെ ഫെയ്സ്ബുക് പോസ്റ്റുകളിൽ സിഐടിയു സമ്മേളനങ്ങൾ പങ്കുവച്ചിട്ടുണ്ട്. സിപിഎം അനൂകൂല പോസ്റ്റുകളും ജോമോൻ പങ്കുവയ്ക്കുന്നു. എന്നാൽ പാർട്ടിയുമായി ജോമോനു ബന്ധമില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ പറഞ്ഞു.

MORE IN Kuttapathram
SHOW MORE