കാളികാവിൽ ഒരു കോടിയുടെ ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ

Lahari-Kalikavu
SHARE

മലപ്പുറം കാളികാവില്‍ ഒരു കോടി രൂപയില്‍ അധികം വില വരുന്ന കോക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കളുമായി രണ്ട് പേർ കാളികാവ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. രഹസ്യ വിവരത്തെ തുടർന്ന് പോരൂർ പട്ടണംകുണ്ടിലെ വാടക ക്വാർട്ടേഴ്‌സിൽ വച്ചാണ് ഇരുവരും അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

കർണ്ണാടക ബംഗളൂരു ആർ.ടി. നഗറിലെ സയിദ് സലാഹുദ്ദീൻ, മലപ്പുറം പോരുർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ എന്നിവരാണ് അറസ്റ്റിയിലായത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 38 ഗ്രാം എം. ഡി.എം.എ, 121 ഗ്രാം കൊക്കെയ്ൻ എന്നിവ പിടികൂടി. ഇതു കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളുരിൽ നിന്ന് ലഹരി വസ്തുക്കൾ പോരൂരിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ച് മലയോര മേഖലയിൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് രീതി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന കൊക്കയ്ൻ ആദ്യമായാണ് മേഖലയിൽ പിടികൂടുന്നത്. പ്രതികളുടെ അക്കൗണ്ടുകള്‍ വഴി നടന്ന പണമിടപാട് കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി.

നിരോധിത ലഹരി വസ്തുക്കൾ വിൽപ്പനക്കായി കൈവശം വച്ച വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ഇരുവരേയും പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് അറിയിച്ചു.

MORE IN Kuttapathram
SHOW MORE