52 വയസ്സുകാരിയെ കത്രികകൊണ്ട് കഴുത്തറുത്തു കൊന്നു; നാലു പേർ അറസ്റ്റിൽ

delhi-crime
SHARE

 52 വയസ്സുകാരിയെ കത്രിക ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. വടക്കുകിഴക്കൻ ‍ഡൽ‌ഹിയിൽ മോഷണശ്രമത്തിനിടെ സ്ത്രീയെ കല്ല് ഉപയോഗിച്ച് ഇടിച്ചതായും പൊലീസ് വ്യക്തമാക്കി. ജനുവരി 11 ന് നടന്ന സംഭവത്തിൽ താര ബോധ് എന്ന സ്ത്രീയെയാണു പ്രതികൾ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ അമൻ, ആകാശ്, മനീഷ്, വൈഭവ് ജെയ്ൻ എന്നിവർ അറസ്റ്റിലായി.

ഉത്തർപ്രദേശിലെ ലോനി സ്വദേശികളാണു പ്രതികള്‍. ലോനിയിൽ റജിസ്റ്റർ ചെയ്ത മറ്റൊരു കൊലക്കേസിലും അമനും ആകാശും കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്കൂൾ യൂണിഫോമുകളുടെ വ്യാപാരം ചെയ്യുന്ന അമനു സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാൾക്കു സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇവരുടെ വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയ അമൻ സുഹൃത്തുക്കളോടൊപ്പം മോഷണം ആസൂത്രണം ചെയ്തെന്ന് പൊലീസ് പറഞ്ഞു.

വീട്ടിലെത്തിയ സംഘം വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു സ്ത്രീയെ ഗോഡൗണിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തി. കത്രിക ഉപയോഗിച്ച് കഴുത്തറുത്തും കല്ലുകൊണ്ട് അടിച്ചുമാണ് താര ബോധിനെ കൊന്നത്. ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും കവർന്നു. വീട്ടിൽ അയൽവാസിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർ‌ന്നു സംഘം പണം മോഷ്ടിക്കാതെ രക്ഷപെടുകയായിരുന്നു. ഓൾഡ് ‍ഡൽ‌ഹി റെയിൽവേ സ്റ്റേഷനിൽനിന്നാണ് അമനും മനീഷും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ മറ്റു രണ്ടു പ്രതികളെയും കണ്ടെത്തി.

MORE IN Kuttapathram
SHOW MORE