വിമാനത്തില്‍ കൊച്ചിയി‌ലെത്തും; സൂപ്പര്‍ മാര്‍ക്കറ്റുകളിൽ കവർച്ച; ഒടുവിൽ കുരുങ്ങി

supermarket-theft-03
SHARE

കൊച്ചി നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകളും, വലിയ കടകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയതിന് പിടിയിലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കടകളുടെ പൂട്ടിടുന്ന ഇരുമ്പ് ബ്രാക്കറ്റ് തകര്‍ത്താണ് മോഷണം നടത്തിയിരുന്നത്. പൊലീസ് പിടികൂടാതിരിക്കാന്‍ സ്വീകരിച്ചിരുന്ന മാര്‍ഗങ്ങളടക്കം പ്രതികള്‍ വിവരിച്ചു. വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്ര. വന്‍ കടകളും, സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് മോഷണം. ലക്ഷങ്ങള്‍ കൈക്കലാക്കി കഴിഞ്ഞാല്‍ സ്വദേശമായ ബംഗാളിലേക്ക് മടക്കം ഇതായിരുന്നു സംസുജുവ, മുക്താറുള്‍ ഹക്ക് എന്നിവരുടെ രീതി. കറുകപ്പള്ളിയില്‍ നടത്തിയ മോഷണത്തിന് പിന്നാലെ അറസ്റ്റിലായ ഇരുവരെയും സ്ഥലത്തെത്തിച്ച് തെളിവെടുത്തു. 

കറുകപ്പള്ളിയിലെയും അയ്യപ്പന്‍കാവിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രതികളെ എത്തിച്ചു. മോഷണം നടത്തിയ രീതി ഇരുവരും വിവരിച്ചു.  പ്രത്യേക ആയുധമുപയോഗിച്ച് പൂട്ടിന് പകരം അതിടുന്ന ബ്രാക്കറ്റാണ് പ്രതികള്‍ തകര്‍ത്തിരുന്നത്. ഇരുവരുടെയും മോഷണരീതി പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. മോഷണം നടന്ന പലസ്ഥലങ്ങളിലുംനിന്ന് ഇവരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പോകാന്‍ ഉദ്ദേശിക്കുന്നതിന് വിപരീത ദിശയില്‍ ഓട്ടോകള്‍ മാറിമാറി കയറി ഒടുവിലാണ് ഇവര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്. തുടര്‍ച്ചയായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ പനമ്പിള്ളിനഗർ നീലഗിരി സൂപ്പർമാർക്കറ്റിലെ ലോക്കർ തകർത്ത് ആറരലക്ഷം രൂപ കവർച്ച ചെയ്തതിനുശേഷം നാട്ടിലേക്ക് മടങ്ങിയ സംഘം നവംബർ ഇരുപത്തിയൊന്നിന് തിരികെയെത്തി. ഈ മാസം ഒന്നാം തീയതി മുതൽ തുടർച്ചയായി അയ്യപ്പൻകാവിലും കറുകപ്പിള്ളിയിലും സൂപ്പർമാർക്കറ്റുകളിൽ മോഷണം നടത്തി. രാത്രിയില്‍ കടകള്‍ അടയ്ക്കുന്നതുവരെ സമീപത്തെ പറമ്പുകളില്‍ ഒളിച്ചിരിക്കും. രാത്രി ഒരു മണിക്കുശേഷം അകത്ത് കയറി മോഷണം നടത്തും. വീണ്ടും അതേ പറമ്പില്‍ ഒളിക്കുന്ന പ്രതികള്‍ പുലര്‍ച്ചെ ആള്‍ സഞ്ചാരം ആകുന്നതുവരെ കാത്തിരുന്നശേഷമാണ് രക്ഷപെട്ടിരുന്നത്.

MORE IN Kuttapathram
SHOW MORE