മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കം; വിമുക്തഭടന്റെ മരണത്തിൽ ദുരൂഹത

alappuzha-death-03
SHARE

ആലപ്പുഴ മുതുകുളത്ത് ദുരൂഹസാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുതുകുളം  ലവ് ഡെയിൽ വീട്ടിൽ സ്റ്റാലിൻ ആണ് മരിച്ചത്. കോവിഡ് പരിശോധനാഫലം വന്ന ശേഷം നാളെ പോസ്റ്റ്മോർട്ടം നടത്തും. ഇന്നലെ വൈകിട്ടോടെയാണ് മുതുകുളം തെക്ക് സ്വദേശി സ്റ്റാലിനെ മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മകൻ അജി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കിടപ്പ് മുറിയിൽ കട്ടിലിനോടു ചേർന്ന് താഴെ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത് . മൃതദേഹത്തിന്റെ തലയുടെ ഭാഗത്തു ചുറ്റിലും രക്തം ഉണങ്ങി കിടപ്പുണ്ടായിരുന്നു. ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് കനകക്കുന്ന് പൊലീസെത്തി  മുറി സീൽ ചെയ്തു. ഭാര്യ ത്രേസ്യാമ്മയെ ഹരിപ്പാട് ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി.

മൂത്ത മകൻ അജിയുടെ  ലൗ ഡെയ്ൽ വീട്ടിലാണ് രണ്ടു വർഷത്തിലേറെയായി വിമുക്തഭടനായ സ്റ്റാലിൻ താമസിച്ചു വന്നിരുന്നത്. ഇവർക്കൊപ്പം അജിയുടെ ഭാര്യ ജെനി ഇവരുടെ മക്കൾ എന്നിവരും താമസമുണ്ട്. അജിയും ജെനിയും അധ്യാപകരാണ്. ഇവർ ജോലിക്കു പോകുമ്പോൾ സ്റ്റാലിനും ഭാര്യ ത്രേസ്യാമ്മയും വീട്ടിൽ ഒറ്റയ്ക്കാണ്. അതേസമയം ഇവർ അയൽവാസികളുമായി ഇടപെടുന്നത് മകൻ വിലക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. പിതാവ്  മരിച്ചു കിടക്കുന്നത് അറിഞ്ഞില്ലെന്നാണ്  മകൻ അജി പറയുന്നത്. പിതാവിനെ നല്ല രീതിയിലാണ് തങ്ങൾ നോക്കിയത് എന്നും അജി പറഞ്ഞു. മരണകാരണം അറിയാൻ പോസ്റ്റ്മോർട്ടം ഫലം വരാൻ കാത്തിരിക്കുകയാണ് പൊലീസ്.

MORE IN Kuttapathram
SHOW MORE