വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു; ബന്ധുക്കൾ സ്ഥലമുടമയെ തല്ലിക്കൊന്നു

chikkaballapur-2
SHARE

ചിക്കബെല്ലാപുരയില്‍ തക്കാളിത്തോട്ടത്തിലെ വൈദ്യുതിവേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. സംഭവത്തെത്തുടര്‍ന്ന്  യുവാവിന്‍റെ  ബന്ധുക്കള്‍ സംഘടിച്ചെത്തി സ്ഥലമുടമയെ തല്ലിക്കൊന്നു. തക്കാളിക്ക് വിലകൂടിയതിനെത്തുടര്‍ന്ന് മോഷ്ടാക്കളെ ഭയന്നാണ് ഉടമ കമ്പിവേലിയിലൂടെ വൈദ്യുതി കടത്തിവിട്ടത്. ചിക്കബെല്ലാപുരയില്‍ തക്കാളിത്തോട്ടത്തിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പ്രകോപിതരായ ബന്ധുക്കള്‍തോട്ടമുടമയെ തല്ലിക്കൊന്നു.  ഗൗരിബിദനൂര്‍  താലൂക്കിലെ ചരകമാറ്റേനഹള്ളിയിലാണ് സംഭവം. തക്കാളിക്ക് വിലകൂടിയതിനെത്തുടര്‍ന്ന് മോഷ്ടാക്കളെ ഭയന്ന്  തോട്ടത്തിന് ചുറ്റും സ്ഥാപിച്ച കമ്പിവേലിയിലൂടെ ഉടമ വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതറിയാതെ വേലിയില്‍ സ്പര്‍ശിച്ച പ്രദേശവാസിയായ വസന്ത് റാവു ആണ് ഷോക്കേറ്റ് മരിച്ചത്. വിവരമറിഞ്ഞ് കൂട്ടമായെത്തിയ ഇയാളുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്ഥലമുടമയായ അശ്വത് റാവുവിനെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. 

അടിയേറ്റുവീണ ഇയാളെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാപകമായി തക്കാളി കൃഷി ചെയ്യുന്ന പ്രദേശമാണ് ചരകമാറ്റേനഹള്ളി. വില വര്‍ധിച്ചതോടെ തോട്ടമുടമകള്‍ തങ്ങളുടെ തോട്ടങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കാവല്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് അശ്വത് റാവു തോട്ടത്തിന്റെ ചുറ്റുമുള്ള കമ്പിവേലിയില്‍ വൈദ്യുതി കടത്തിവിട്ടത്. മൂന്നുദിവസം മുമ്പ് കന്നുകാലികള്‍ ഷോക്കേറ്റ് ചത്തതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വേലയില്‍ നിന്ന് വൈദ്യുതി വിച്ഛേദിക്കാന്‍ ഇയാള്‍ തയ്യാറായില്ല. കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് വസന്ത്‌റാവുവിന് ഷോക്കേറ്റത്.   സംഭവത്തില്‍ കേസെടുത്ത മഞ്ചെനഹള്ളി പോലീസ് അന്വേഷണം തുടങ്ങി.

MORE IN Kuttapathram
SHOW MORE