മുഖത്ത് കണ്ണട, മുണ്ട് മറ്റൊരാൾ ഉടുപ്പിച്ച നിലയിൽ,ചുണ്ടിൽ രക്തം; ദുരൂഹത

sajeevwb
SHARE

 ശാസ്തമംഗലം നവീൻ ഗ്രാനൈറ്റ് ആൻഡ് ടൈൽസ് ജനറൽ മാനേജർ ജി. സജീവന്റെ മരണം ബാക്കിയാക്കുന്നത് ഒട്ടേറെ ചോദ്യങ്ങൾ.  വെമ്പായത്തു വീടിനു സമീപത്തെ റബർത്തോട്ടത്തിലാണ് സജീവനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  പാക്കിങ്ങിനും വയറിങ്ങിനും  ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുരുക്ക് കഴുത്തിൽ മുറുക്കിയ നിലയിലായിരുന്നു. മുഖത്ത് കണ്ണ‍ടയുണ്ടായിരുന്നു. ഷർട്ടിന്റെ ബട്ടൺ ഇളകിയിരുന്നു. കൈലിമുണ്ട് മറ്റൊരാൾ ഉടുപ്പിച്ച നിലയിലായിരുന്നു. ചുണ്ടിൽ രക്തം പൊടിഞ്ഞിരുന്നെങ്കിലും പിടിവലിയുണ്ടായതിന്റെ ലക്ഷണങ്ങളില്ല.

സജീവിന്റെ ഫോൺ ഓഫ് ചെയ്ത നിലയിലാണെന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. വെമ്പായം നെടുവേലി ഇടുക്കുംതല പനയറക്കോണം സൗപർണികയിൽ ജി. സജീവ്  സാധാരണ നടക്കാൻ പോകുന്നതിന് എതിർ ദിശയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ചെരിപ്പ് മൃതദേഹത്തിനരികിൽ നിന്നും മറ്റൊന്നു വീടിനു സമീപത്തു നിന്നുമാണു കിട്ടിയത്.  ആരെയെങ്കിലും കണ്ടു ഭയന്നു വീട്ടിൽ നിന്നോടിയ സജീവിനെ പിന്നാലെയെത്തി കൊലപ്പെടുത്തിയതാണോ എന്ന സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്.

ഗോപിനാഥിന്റെയും രാധമ്മയുടെയും മകനാണ് സജീവ് . ഭാര്യ ഷീബറാണി. മക്കൾ: ഗൗരി ( പ്ലസ്ടു വിദ്യാർഥിനി ), അർജുൻ സജീവ് ( ആറാം ക്ലാസ്) മുട്ടുവേദനയുണ്ടെന്നു സജീവ് പറഞ്ഞിരുന്നു. എങ്കിലും പിന്നീട് സജീവിനെ കാണാതായപ്പോൾ നടക്കാൻ പോയി എന്നാണു വീട്ടുകാർ കരുതിയത്. ജോലിക്കു പോകുന്ന സമയമായിട്ടും മടങ്ങിയെത്താതായതോടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടിയുണ്ടായില്ല. നാട്ടുകാരും ബന്ധുക്കളും തിരച്ചിൽ നടത്തിയപ്പോഴാണ് 10 മണിയോടെ 250 മീറ്റർ മാറി വീടിനു പിൻഭാഗത്തെ കുന്നിൻ മുകളിലുള്ള റബർ തോട്ടത്തിലെ ചാലിൽ മൃതദേഹം‍ കണ്ടെത്തിയത്.

റൂറൽ എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിൽ വട്ടപ്പാറ , പോത്തൻകോട്, അരുവിക്കര പൊലീസ് സ്ഥലത്തെത്തി. പൊലീസ് നായ 100 മീറ്റർ അകലെ ചിലർ വാടകയ്ക്കു താമസിക്കുന്ന വീടിനും സമീപ വീടിനും മുന്നിലെത്തി നിന്നു. വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. മൃതദേഹം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. സാമ്പത്തിക ബാധ്യതയോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഇല്ലാത്ത സജീവിന്റെ കൊലപാതക കാരണം ദുരൂഹമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു കാക്കുകയാണ് പൊലീസ്.

MORE IN Kuttapathram
SHOW MORE
Loading...
Loading...