ക്രിമിനല്‍ കേസ് പ്രതിയെ പട്ടാപകല്‍ വെട്ടിക്കൊന്നു; കൊലയ്ക്ക് പിന്നിൽ മൂന്നംഗ സംഘം

shameermurder1
SHARE

തൃശൂര്‍ പറവട്ടാനിയില്‍ ക്രിമിനല്‍ കേസ് പ്രതിയെ പട്ടാപകല്‍ വെട്ടിക്കൊന്നു. ഓട്ടോറിക്ഷയില്‍ എത്തിയ മൂന്നംഗ സംഘമാണ് കൊല നടത്തി മുങ്ങിയത്. ഉച്ചതിരിഞ്ഞ് മൂന്നേമുക്കാലിനായിരുന്നു സംഭവം. തൃശൂര്‍ പറവട്ടാനിയില്‍ പെട്ടിഓട്ടോറിക്ഷയില്‍ പോകുകയായിരുന്ന യുവാവിനെ മറ്റൊരു ഓട്ടോറിക്ഷയില്‍ എത്തിയ സംഘം വളഞ്ഞു. പെട്ടി ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മീന്‍ കച്ചവടക്കാരനായ ഒല്ലൂക്കര സ്വദേശി ഷെമീറാണ് കൊല്ലപ്പെട്ടത്. മുപ്പത്തിയെട്ട് വയസായിരുന്നു. വെട്ടേറ്റു വീണ ഷെമീറിനെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മണ്ണുത്തി സ്റ്റേഷനില്‍ മൂന്നു പരാതികളാണ് ലഭിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഒരു പരാതിയില്‍ മാത്രം കേസെടുത്തു. മീന്‍കച്ചവടത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒരു പരാതിയില്‍ കലാശിച്ചത്. ഓട്ടോയില്‍ എത്തിയ മൂന്നംഗ കൊലയാളി സംഘത്തെക്കുറിച്ച് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. സംഭവ സ്ഥലത്തെ ഫ്ളാറ്റിനു മുമ്പിലുള്ള സിസിടിവി കാമറയില്‍ അക്രമം പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ തെളിവായി പൊലീസ് ശേഖരിച്ചു. ലഹരിക്കേസ് ഉള്‍പ്പെടെ ഇരുപതോളം കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഷെമീറെന്ന് മണ്ണുത്തി പൊലീസ് പറഞ്ഞു. സഹോദരന്‍ സി.പി.എം. പ്രവര്‍ത്തകനാണ്. കൊല്ലപ്പെട്ട ഷെമീറിന്  ഭാര്യയും മക്കളുമുണ്ട്. പെട്ടിഓട്ടോറിക്ഷയില്‍ മീന്‍ കച്ചവടമായിരുന്നു പണി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...