വനിതാ ഡോക്ടറെ നടുറോഡിൽ ‌ കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമം; നാടകീയ സംഭവം

dr-murder-attempt
SHARE

യുവതിയായ വനിതാ ഡോക്ടറെ നടുറോഡിൽ നട്ടുച്ചയ്ക്ക് കഴുത്ത് ഞെരിച്ചു കെ‍ാലപ്പെടുത്താനുള്ള പരിചിതനായ യുവാവിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു.  പാറശാല ഉദിയൻകുളങ്ങരയ്ക്കു സമീപം കോളജ് റോഡിൽ ആണ് സാക്ഷികളായവരെ നടുക്കിയ നാടകീയ സംഭവം നടന്നത്. റോഡരിൽ കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ യുവതിയെ പിന്നിൽ നിന്ന് പാഞ്ഞെത്തിയ യുവാവ് എടുത്തുയർത്തി എതിർവശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ  വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും  യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല.

കണ്ണുകൾ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ സ്ത്രീകൾ അടക്കം കൂടുതൽ പേരെത്തി യുവതിയെ മോചിപ്പിച്ചു യുവാവിന്റെ കൈകാലുകൾ  കെട്ടിയിട്ടു.  ‘യുവാവ് ഗുളിക കഴിച്ചെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും ’ ഇതിനിടെ യുവതി വിളിച്ച് പറയുന്നുണ്ടായിരുന്നു. പാറശാല പെ‍ാലീസെത്തി യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തേങ്ങാപട്ടണം സ്വദേശിയായ ഡോക്ടർ  സമീപത്തെ ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്യുകയാണ്. 

യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാൽ സ്വദേശിയായ യുവാവ് എന്നാണ് പെ‍ാലീസ് നൽകുന്ന വിവരം. സംഭവത്തിന് അൽപം മുൻപ്  ഇരുവരും കാറിൽ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. ഭിന്നതയെത്തുടർന്ന്, യുവതി കാറുമായി പോകാൻ ശ്രമിക്കവേ യുവാവ് അക്രമത്തിന് ശ്രമിച്ചെന്നാണ് സൂചന.  യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും പരാതി നൽകാൻ താൽപര്യം ഇല്ലെന്നുമാണ്  യുവതിയുടെ നിലപാട്. പെ‍ാലീസ് കേസ് എടുത്തിട്ടില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...