സ്റ്റോപ്പില്‍ ഇറങ്ങും മുന്‍പ് ബസ് വിട്ടു; പതിനഞ്ചുകാരന്റെ കയ്യൊടിഞ്ഞു; കേസ്

bus-student-3
SHARE

സ്റ്റോപ്പില്‍ ഇറങ്ങും മുന്‍പ് അമിതവേഗതയില്‍ ബസ് മുന്നോട്ടെടുത്തതിനാല്‍ സ്വകാര്യ ബസില്‍ നിന്ന് വീണ് പതിനഞ്ചുകാരന്റെ കൈയ്യൊടിഞ്ഞു. പാലക്കാട് കണ്ണാടി സ്വദേശിയായ പത്താം ക്ലാസുകാരനാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റത് ശ്രദ്ധിക്കാതെ ജീവനക്കാര്‍ ബസുമായി പാഞ്ഞെന്നാണ് പരാതി. ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. പാലക്കാട് തൃശ്ശൂര്‍ പാതയിലോടുന്ന സ്വകാര്യ ബസിന്റെ അമിതവേഗമാണ് വിദ്യാര്‍ഥിയുടെ ഗുരുതര പരുക്കിനിടയാക്കിയത്. തൃശൂരില്‍ നിന്ന് പാലക്കാടേക്കുള്ള യാത്രയ്ക്കിടെ വിദ്യാര്‍ഥി വടക്കുമുറിയില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. വാഹനം വേഗത കുറച്ചതിന് പിന്നാലെ വിദ്യാര്‍ഥിയോട് ചാടിയിറങ്ങാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. 

ഇറങ്ങുന്നതിനിടെ ബസെടുത്തതിനാല്‍ വിദ്യാര്‍ഥി കൈകുത്തി നിലത്ത് വീണു. യാത്രക്കാരന്‍ സുരക്ഷിതനായി ഇറങ്ങിയെന്ന് ഉറപ്പാക്കും മുന്‍പ് ബസ് വേഗതയില്‍ നീങ്ങുകയായിരുന്നു. രണ്ട് കൈകളും ഒടിഞ്ഞ് അവശനായി റോഡില്‍ വീണ വിദ്യാര്‍ഥിയെ അടുത്ത ബസിലുണ്ടായിരുന്ന സുഹൃത്താണ് തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരമറിയിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനഞ്ചുകാരന്റെ രണ്ട് കൈകള്‍ക്കും ശസ്ത്രക്രിയ നടത്തി. ജീവനക്കാരുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുട്ടിയുടെ പിതാവ്. അപകടത്തിനിടയാക്കിയ ബസ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെയും കണ്ടക്ടറെയും പ്രതിചേര്‍ത്ത് കേസെടുത്തു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പും അറിയിച്ചു. 

MORE IN Kuttapathram
SHOW MORE
Loading...
Loading...